തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിനെതിരെ ശക്തമായ പ്രചാരണവുമായി ബിജെപി. ‘മതിയായി ഈ MLA; മാറ്റം തുടങ്ങാം!’ എന്ന പുതിയ മുദ്രാവാക്യം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പുറത്തിറക്കി. ധർമ്മടം മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ലക്ഷ്യം വെച്ചാണ് ബിജെപിയുടെ ഈ പുതിയ നീക്കം.(Start the change, BJP launches new campaign against the Chief Minister)
പത്ത് വർഷത്തെ ഭരണത്തിന് ശേഷവും സ്വന്തം മണ്ഡലമായ ധർമ്മടത്ത് കുടിവെള്ളമോ റോഡ് സൗകര്യമോ ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിദാരിദ്ര്യമുക്ത കേരളം എന്ന സർക്കാരിന്റെ അവകാശവാദം ധർമ്മടത്ത് എത്തുമ്പോൾ പൊള്ളയാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
മെഗാ അദാലത്തിൽ ധർമ്മടത്ത് നിന്ന് മാത്രം ഒരു ദിവസം കൊണ്ട് 3,000-ത്തിലധികം പരാതികൾ ലഭിച്ചതായി രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു. എംഎൽഎയുടെ പൊള്ളവാഗ്ദാനങ്ങളിൽ ജനങ്ങൾ മടുത്തിരിക്കുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

