തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവരുന്ന പ്രീ-പോൾ സർവേകൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർവേകൾ പെയ്ഡ് ആണെന്നും യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവെക്കാനാണ് ഇവ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.(Pre-poll surveys are paid, says VD Satheesan)
നിലവിൽ പുറത്തുവരുന്ന സർവേകൾ തട്ടിക്കൂട്ടിയതാണെന്നും അവയ്ക്ക് വിശ്വാസ്യതയില്ലെന്നും സതീശൻ പറഞ്ഞു. യഥാർത്ഥ ജനവികാരം സർവേകളിൽ പ്രതിഫലിക്കുന്നില്ല. എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണെന്ന് വരുത്തിത്തീർക്കാനാണ് ചാനൽ സർവേകൾ ശ്രമിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇത്തരം സർവേകൾ കണ്ടതാണ്, എന്നാൽ ഫലം വന്നപ്പോൾ അത് തിരുത്തപ്പെട്ടു. ഇത്തവണയും യുഡിഎഫിന് അനുകൂലമായ വലിയ തരംഗമാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ സിപിഐഎം വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോൾ ബഹളമുണ്ടാക്കിയ മുഖ്യമന്ത്രി ഇപ്പോൾ എസ്ഡിപിഐയുടെയും പിഡിപിയുടെയും പിന്തുണ ആഗ്രഹിക്കുകയാണ്. ഇത് ശുദ്ധ കാപട്യമാണെന്നും പാർട്ടി കോൺഗ്രസ് തീരുമാനങ്ങൾ പോലും മുഖ്യമന്ത്രി നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ ‘ആട്ടിൻതോലിട്ട ചെന്നായ്ക്കൾ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ബിജെപിയുടെയും സിപിഐഎമ്മിന്റെയും യഥാർത്ഥ മുഖംമൂടി അഴിഞ്ഞുവീഴുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നും സതീശൻ വ്യക്തമാക്കി. ഭരണപരാജയങ്ങൾക്ക് ബദൽ പദ്ധതികളുമായാണ് യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. അതിനായുള്ള സമഗ്രമായ തയ്യാറെടുപ്പുകൾ മുന്നണി പൂർത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു.

