മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തിയ സംഭവത്തിൽ പ്രതികരണവുമായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. അബ്ദുറഹ്മാൻ രണ്ടത്താണി, നൂർബിന റഷീദ് എന്നിവരുടെ പ്രതികരണങ്ങൾ സ്വാഭാവികമായ വൈകാരിക പ്രകടനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.(Not having a seat does not mean being left out, Panakkad Sadiq Ali Shihab Thangal about conflict in Muslim League )
പട്ടികയിൽ സീറ്റില്ല എന്നത് ഒരാളെ പാർട്ടിയിൽ നിന്ന് അകറ്റി നിർത്തി എന്നല്ല അർത്ഥമാക്കുന്നത്. എല്ലാവരെയും ചേർത്തുപിടിക്കുക എന്നതാണ് പാർട്ടിയുടെ നയം. വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലും കൃത്യമായ ആലോചനകൾക്ക് ശേഷവുമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
അബ്ദുറഹ്മാൻ രണ്ടത്താണി മുൻപ് എംഎൽഎ ആയിരുന്ന വ്യക്തിയാണ്. നിലവിൽ പാർട്ടി നൽകിയ സുപ്രധാന പദവി അദ്ദേഹം വഹിക്കുന്നുണ്ട്. ഉയർന്നുവന്ന അതൃപ്തികൾ പാർട്ടി നേതൃത്വം കൃത്യമായി കേൾക്കുമെന്നും തങ്ങൾ വ്യക്തമാക്കി. തിരൂരങ്ങാടിയിൽ പി.എം.എ. സമീറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ് മുൻ എംഎൽഎ രണ്ടത്താണി രംഗത്തെത്തിയത്. ലോക്കൽ കമ്മിറ്റികളോട് ആലോചിക്കാതെയാണ് സ്ഥാനാർത്ഥി നിർണ്ണയം നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വനിതാ ലീഗിനെ അവഗണിച്ചുവെന്നായിരുന്നു നൂർബിന റഷീദിന്റെ വിമർശനം. സ്ഥാനാർത്ഥികളായ ഫാത്തിമ തെഹ്‌ലിയയും ജയന്തി രാജനും വനിതാ ലീഗിന്റെ ഔദ്യോഗിക പ്രതിനിധികളല്ലെന്നും പാണക്കാട് തങ്ങളെ മുൻപ് വിമർശിച്ചവർക്ക് പോലും സീറ്റ് നൽകിയെന്നും അവർ ആരോപിച്ചിരുന്നു.

