മലപ്പുറം: കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മുൻപ് സി.എച്ച്. മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നാഹയും ഈ പദവി വഹിച്ചിട്ടുള്ള കാര്യം അദ്ദേഹം അനുസ്മരിച്ചു. (Muslim League is eligible for the post of Deputy Chief Minister, says Panakkad Munavvar Ali Shihab Thangal)
എന്നാൽ പദവിയെച്ചൊല്ലി മുന്നണിയിൽ ചർച്ചയ്ക്കോ വിവാദത്തിനോ പാർട്ടി ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം ലീഗ് ഒരിക്കലും മതം പറഞ്ഞ് വോട്ട് തേടാറില്ല. അത് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണ്. എവിടെയെങ്കിലും അത്തരത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഗൗരവമായി അന്വേഷിക്കും.
പാർശ്വവൽക്കരിക്കപ്പെട്ടവരും ന്യൂനപക്ഷങ്ങളും വിശ്വസിക്കുന്നത് യുഡിഎഫിനെയാണ്. അവരുടെ സംരക്ഷണത്തിന് യുഡിഎഫ് വേണമെന്ന ബോധ്യം ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ലീഗ് നേതൃത്വം വളരെ കരുതലോടെയുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് മുനവ്വറലി തങ്ങളുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.

