തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ കോൺഗ്രസ് നേതൃത്വം. ഇതോടെ കണ്ണൂരിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച കെ. സുധാകരനും, അടൂർ പ്രകാശിനും പട്ടികയിൽ ഇടമുണ്ടാകില്ലെന്ന് ഉറപ്പായി. സംസ്ഥാന നേതൃത്വത്തിന്റെ ഈ ശുപാർശ അംഗീകരിച്ചതായാണ് വിവരം.(MPs will not contest, K Sudhakaran and Adoor Prakash will not have seats)
സീറ്റ് ലഭിക്കാത്തതിൽ അതൃപ്തിയുള്ള കെ. സുധാകരൻ നിലവിൽ ഡൽഹിയിലാണുള്ളത്. ഇന്ന് രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖർഗെയുമായും അദ്ദേഹം ചർച്ച നടത്തും. സുധാകരനെ അനുനയിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുൻനിരയിൽ നിലനിർത്താനാണ് പാർട്ടി ശ്രമം.
ഇതിനിടെ കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ സുധാകരനായി അണികൾ വീണ്ടും ഫ്ലക്സ് സ്ഥാപിച്ചു. പിണറായി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിന്റെ പടനായകൻ കെ.എസ് എത്തുന്നു എന്നാണ് ഫ്ലക്സിലെ വാചകം. കണ്ണൂരിന്റെ ഹൃദയമാണ് സുധാകരനെന്നും അണികൾ അവകാശപ്പെടുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾ അവസാന ഘട്ടത്തിലാണ്. കോൺഗ്രസിൽ നിന്ന് തിരുവമ്പാടി സീറ്റ് ഏറ്റെടുത്ത് പകരം തവനൂർ വിട്ടുകൊടുക്കാൻ ലീഗ് തീരുമാനിച്ചു.
പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുന്നതോടെ വേങ്ങരയിൽ കെ.എം. ഷാജിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ജില്ലാ ഭാരവാഹികളുമായുള്ള ഇന്നത്തെ ചർച്ചയ്ക്ക് ശേഷം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. കോൺഗ്രസിന്റെ ആദ്യഘട്ട പട്ടിക ഇന്ന് വൈകിട്ടോടെ പ്രതീക്ഷിക്കാം. എംപിമാർക്ക് പകരം പുതുമുഖങ്ങൾക്കും യുവാക്കൾക്കും മുൻഗണന നൽകാനാണ് ധാരണ.

