തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്നും ജനങ്ങൾ ഇടതുസർക്കാരിന് വിട പറയുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വോട്ടെടുപ്പ് പുരോഗമിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഗുഡ് ബൈ പിണറായി” എന്ന് കേരളം പറയുന്ന വിധിയാകും ഇത്തവണ ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Kerala will say goodbye to Pinarayi, says Ramesh Chennithala )
കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. യുഡിഎഫ് ഭരണം വരണമെന്നാണ് വോട്ടർമാരുടെ ആഗ്രഹം. പോളിങ് ബൂത്തുകളിൽ കാണുന്ന വലിയ തിരക്ക് യുഡിഎഫിന് അനുകൂലമായ തരംഗത്തിന്റെ സൂചനയാണെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയിലെ സ്വർണ്ണം കൊള്ളയടിച്ചവർക്ക് വിശ്വാസികൾ വോട്ട് ചെയ്യില്ല. ഈ വിഷയം ജനങ്ങൾക്കിടയിൽ വലിയ ചർച്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാ സ്ഥലത്തും ബിജെപി പണമൊഴുക്കി അധാർമ്മിക നടപടികളാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട്ട് സിപിഎം വോട്ടുകൾ ബിജെപിക്ക് മറിഞ്ഞത് ഇതിന് തെളിവാണ്. യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.

