തിരുവനന്തപുരം: കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്ന് ബൃന്ദാ കാരാട്ട്. കഴിഞ്ഞ പത്ത് വർഷമായി കേരളം സുരക്ഷിതമാണെന്നും വർഗ്ഗീയ കലാപങ്ങളില്ലാത്ത നാടായി കേരളം മാറിയത് എൽഡിഎഫ് ഭരണത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു.(Kerala has a guardian, and that is Pinarayi Vijayan, says Brinda Karat )
കേരളത്തിലെ സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പരിഗണന ലഭിക്കുന്ന ഭരണമാണ് ഇവിടെയുള്ളത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. കുടുംബശ്രീ പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണ്. ഭവനരഹിതർക്ക് വീട് നൽകുന്നതാണ് യഥാർത്ഥ വികസനമെന്നും അവർ വ്യക്തമാക്കി.
നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും നുണ പറയുന്ന കാര്യത്തിൽ പരസ്പരം മത്സരിക്കുകയാണ്. നുണ ഫാക്ടറികളുമായാണ് ഇവർ വരുന്നത്. കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് അറിയാൻ മോദി നീതി ആയോഗിന്റെ റിപ്പോർട്ട് വായിച്ചു നോക്കണമെന്നും അവർ പരിഹസിച്ചു. യുഡിഎഫും ബിജെപിയും രാഷ്ട്രീയ പോക്കറ്റടിക്കാരെപ്പോലെയാണ് പെരുമാറുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് സീറ്റ് ലഭിച്ചത് യുഡിഎഫുമായുള്ള ഡീലിലൂടെയാണ്. തൃശൂരിലെ യുഡിഎഫിന്റെ ഒരു ലക്ഷം വോട്ടുകൾ എവിടെപ്പോയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ‘ബുൾഡോസർ രാജ്’ നടപ്പാക്കുമ്പോൾ കേരളത്തിൽ ജനങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകുകയാണ് ചെയ്യുന്നത്. കർണ്ണാടകയിലും തെലങ്കാനയിലും കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ നടപ്പായില്ലെന്നും ബൃന്ദാ കാരാട്ട് കുറ്റപ്പെടുത്തി.

