കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കാസർഗോഡ് ബിജെപിയിൽ ആഭ്യന്തര തർക്കം പുകയുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് അതൃപ്തി പരസ്യമായത്.(K Surendran’s candidacy, Dissension in BJP in Manjeshwar)
മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി നേതൃത്വത്തോട് ആവശ്യപ്പെട്ടു. മണ്ഡലത്തിൽ കെ. സുരേന്ദ്രൻ പങ്കെടുക്കുന്ന പരിപാടികൾ ജില്ലാ പ്രസിഡന്റിനെ പോലും അറിയിക്കുന്നില്ലെന്നതാണ് പ്രധാന പരാതി.
മണ്ഡലത്തിലെ പ്രധാന ഭാരവാഹികളെ അവഗണിച്ചുകൊണ്ട് ഒരു വിഭാഗം മാത്രം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുൻകൂട്ടി നിശ്ചയിക്കുന്നതിലാണ് അശ്വിനി പ്രതിഷേധമറിയിച്ചത്. അതേസമയം, കേരളത്തിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായി ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറി. മാർച്ച് 12-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകും. ഇതിനുശേഷമായിരിക്കും കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

