മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, തവനൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ് സന്ദീപ് വാര്യർക്ക് സ്വാഗതം നേർന്നുകൊണ്ടുള്ള ഫ്ലക്സുകൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്.(Flex boards for Sandeep Varier ahead of candidate announcement)
ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, സന്ദീപ് വാര്യർ എന്നിവരുടെ പേരുകളാണ് തവനൂരിലേക്ക് കോൺഗ്രസ് പരിഗണിക്കുന്നത്. എന്നാൽ പാർട്ടി അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപേ സന്ദീപിനായി പ്രചാരണം തുടങ്ങി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.ടി. ജലീൽ തന്നെയാകും ഇത്തവണയും മത്സരരംഗത്തുണ്ടാവുക എന്നത് ഏകദേശം ഉറപ്പാണ്.
കഴിഞ്ഞ തവണ ഫിറോസ് കുന്നംപറമ്പിലിലൂടെ ജലീലിനെ വിറപ്പിച്ച യു.ഡി.എഫ്, ഇത്തവണ സന്ദീപ് വാര്യരെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ വാക്ചാതുരിയും രാഷ്ട്രീയ നിലപാടുകളും കെ.ടി. ജലീലിനെ നേരിടാൻ അനുയോജ്യമാണെന്നാണ് ഒരു വിഭാഗം പ്രാദേശിക നേതാക്കളുടെ വിലയിരുത്തൽ.

