തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലെ ഭരണതലത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ, ആലപ്പുഴ ജില്ലാ കളക്ടർ എന്നിവരടക്കം അഞ്ച് ഉദ്യോഗസ്ഥരെയാണ് സ്ഥാനങ്ങളിൽ നിന്ന് നീക്കിയത്. തിരഞ്ഞെടുപ്പ് ജോലിയിൽ നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരുടെ വിശ്വാസ്യതയും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.(ECI orders transfer of officials in Kerala ahead of Assembly polls)
കോഴിക്കോട് ജില്ലയിൽ സിറ്റി പോലീസ് മേധാവി സ്ഥാനത്ത് നിന്ന് ടി. ഫറാഷിനെ നീക്കി. തൃശൂർ റെയിഞ്ച് ഡിഐജിയായിരുന്ന ടി. നാരായണനെ പുതിയ കമ്മീഷണറായി നിയമിച്ചു. തൃശൂർ റെയിഞ്ചിൽ ടി. നാരായണന് പകരം തോംസൺ ജോസിനെ പുതിയ ഡിഐജിയായി കമ്മീഷൻ നിയമിച്ചു.
ആലപ്പുഴയിൽ പുതിയ ജില്ലാ കളക്ടറായി ഇമ്പശേഖറിനെ നിയമിച്ചു. കണ്ണൂരിൽ തളിപ്പറമ്പ് ആർഡിഒ ആയി എസ്. വന്ദനയെയും ജില്ലാ രജിസ്ട്രാർ ജനറലായി സച്ചിൻ കൃഷ്ണയെയും നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങി. കേരളത്തിന് പുറമെ പശ്ചിമബംഗാളിലും കമ്മീഷൻ ഉദ്യോഗസ്ഥരെ മാറ്റിയിട്ടുണ്ട്. ബംഗാളിൽ 13 ജില്ലാ പോലീസ് മേധാവിമാർ, രണ്ട് ഐജിമാർ, നാല് കമ്മീഷണർമാർ എന്നിവരെയാണ് ഒറ്റയടിക്ക് മാറ്റിയത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ രാഷ്ട്രീയ സ്വാധീനം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷന്റെ ഈ നീക്കം.

