തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലെത്തി നിൽക്കെ കൊടുങ്ങല്ലൂർ മണ്ഡലത്തെച്ചൊല്ലി എൻഡിഎയിൽ ഭിന്നത രൂക്ഷമാകുന്നു. സീറ്റിനായി ബിഡിജെഎസും ട്വന്റി ട്വന്റിയും അവകാശവാദം ഉന്നയിച്ചതോടെയാണ് മുന്നണിയിൽ അനിശ്ചിതത്വം ഉടലെടുത്തത്. ഇതോടെ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി ഉറപ്പിച്ചിരുന്ന ബി. ഗോപാലകൃഷ്ണന്റെ പ്രചാരണ പ്രവർത്തനങ്ങൾ നിർത്തിവച്ചു.(Dispute in NDA over Kodungallur seat, campaign for B Gopalakrishnan stopped)
കൊടുങ്ങല്ലൂർ സീറ്റ് വേണമെന്ന് ബിഡിജെഎസ് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ ട്വന്റി ട്വന്റി കൂടി അവകാശവാദവുമായി എത്തിയതോടെ സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലായി. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ തന്നെയാകും ഇത്തവണ കൊടുങ്ങല്ലൂരിലെ എൻഡിഎ സ്ഥാനാർത്ഥി എന്ന് ഏകദേശം ഉറപ്പിച്ചിരുന്നതാണ്.
ഗോപാലകൃഷ്ണന്റെ പേരിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവരെഴുത്തുകൾ അടക്കമുള്ള പ്രചാരണങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ സീറ്റ് വിഭജനത്തിൽ തർക്കം ഉടലെടുത്തതോടെ ഈ പ്രവർത്തനങ്ങൾ ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.

