തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, ഇടതുമുന്നണിയുടെ നിർണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് എകെജി സെന്ററിൽ ചേരുന്ന യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. (Crucial LDF meeting regarding Seat sharing today)
13 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് (എം) ഉറച്ചുനിൽക്കുന്നത് മുന്നണിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾക്ക് പുറമെ അധികമായി ഒരു സീറ്റ് കൂടി വേണമെന്നാണ് ജോസ് കെ. മാണിയുടെ ആവശ്യം. എന്നാൽ 12 സീറ്റുകൾ മാത്രമേ നൽകാൻ കഴിയൂ എന്ന കർശന നിലപാടിലാണ് സിപിഎം.
കുറ്റ്യാടി സീറ്റ് വിട്ടുനൽകാൻ കഴിയില്ലെന്ന് സിപിഎം വ്യക്തമാക്കിക്കഴിഞ്ഞു. പകരം മറ്റൊരു സീറ്റ് വേണമെന്ന ആവശ്യം കേരള കോൺഗ്രസ് ഉയർത്തിയാൽ അത് ഉഭയകക്ഷി ചർച്ചകളെ സങ്കീർണ്ണമാക്കും. പാർട്ടിയിലുണ്ടായ പിളർപ്പിനിടയിലും കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റുകളും വേണമെന്ന് ഐഎൻഎൽ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
എൽഡിഎഫ് യോഗത്തിന് മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും. കണ്ണൂർ ജില്ലയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപ്രതീക്ഷിത മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. മട്ടന്നൂർ മണ്ഡലത്തിന് പകരം ഇത്തവണ പേരാവൂരിൽ നിന്നാകും കെ.കെ. ശൈലജ ജനവിധി തേടുക. മട്ടന്നൂരിൽ ഇത്തവണ വി.കെ. സനോജിനെ പരിഗണിച്ചേക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള തളിപ്പറമ്പ് മണ്ഡലത്തിൽ മത്സരിക്കും.

