തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തൃശൂർ ജില്ലയിലെ സി.പി.ഐ സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ജില്ലയിൽ മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി വിജയം ഉറപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. റവന്യൂ മന്ത്രി കെ. രാജൻ ഇത്തവണയും ഒല്ലൂർ മണ്ഡലത്തിൽ നിന്ന് തന്നെ ജനവിധി തേടും.(CPI candidate list in Thrissur, Minister K Rajan will contest in Ollur)
സി.പി.ഐ സാധ്യതാ പട്ടിക ഇപ്രകാരം ഒല്ലൂരിൽ മന്ത്രി കെ. രാജൻ, കൊടുങ്ങല്ലൂരിൽ കെ.ജി. ശിവാനന്ദൻ, കൈപ്പമംഗലത്ത് കെ.കെ. വത്സരാജ്, നാട്ടികയിൽ സി.സി. മുകുന്ദൻ, തൃശൂരിൽ സാറാമ്മ റോബ്സൺ / ഷീല വിജയകുമാർ എന്നിങ്ങനെയാണ്. തൃശൂർ മണ്ഡലത്തിൽ ഒരു വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് പാർട്ടിക്കുള്ളിലെ ധാരണ.
സാറാമ്മ റോബ്സൺ, ഷീല വിജയകുമാർ എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. എന്നാൽ, ശക്തമായ മത്സരം കാഴ്ചവെക്കാൻ ഇവരല്ലെങ്കിൽ ഒരു എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ രംഗത്തിറക്കുന്ന കാര്യവും സി.പി.ഐ ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷം ഉണ്ടാകും.

