പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കവെ വോട്ടിങ് മെഷീനിലെ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളുടെ വ്യക്തതയെച്ചൊല്ലി പരാതിയുമായി കോൺഗ്രസ് രംഗത്ത്. മല്ലപ്പുഴശേരിയിലെ ബൂത്തിൽ സ്ഥാപിച്ച മെഷീനിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ചിത്രം മാത്രമാണ് വ്യക്തമായി കാണുന്നതെന്നും മറ്റ് സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ മങ്ങിയ നിലയിലാണെന്നുമാണ് ആക്ഷേപം.(Controversy over voting machines in Aranmula, Congress says only Veena George’s photo is clear)
സംഭവത്തിൽ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തുകയും പത്തനംതിട്ട ജില്ലാ കളക്ടറെ നേരിട്ട് വിളിച്ച് പരാതി അറിയിക്കുകയും ചെയ്തു. പരാതി ഗൗരവമായി പരിശോധിക്കുമെന്ന് കളക്ടർ ഉറപ്പുനൽകിയിട്ടുണ്ട്. വിവാദങ്ങൾക്കിടയിലും ആറന്മുളയിൽ വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മണ്ഡലത്തിൽ 17.33 ശതമാനം പോളിങ് രേഖപ്പെടുത്തിക്കഴിഞ്ഞു.
ആറന്മുള ആനപ്പാറ ഗവ. എൽപിജിഎസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വീണാ ജോർജ് വിജയപ്രതീക്ഷ പങ്കുവെച്ചു. “2021-നേക്കാൾ വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കും. തുടക്കം മുതൽ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉയരുന്നുണ്ടെങ്കിലും വികസന തുടർച്ചയ്ക്കായി ജനങ്ങൾ വോട്ട് ചെയ്യും,” എന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

