തൃശൂർ: ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി സി.പി.എം. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഗോപാലകൃഷ്ണൻ വർഗീയ പ്രസ്താവനകൾ നടത്തുന്നതെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായും സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി വ്യക്തമാക്കി.(Controversial remarks in Guruvayur, CPM and KSU take legal action against BJP’s B Gopalakrishnan)
ഗുരുവായൂർ ക്ഷേത്ര നഗരത്തിന്റെ ഇന്നത്തെ വികസനത്തിൽ ബി.ജെ.പിക്ക് യാതൊരു അവകാശവാദവും ഉന്നയിക്കാനില്ലെന്ന് അബ്ദുൾ ഖാദർ കുറ്റപ്പെടുത്തി. ഗുരുവായൂരിലെ കുടിവെള്ള പദ്ധതി, മേൽപ്പാലം, റോഡുകൾ എന്നിവയെല്ലാം എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയതാണ്. മതേതര പാർട്ടികളാണ് ഗുരുവായൂരിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചത്.
സുരേഷ് ഗോപി എം.പി ആയിട്ട് രണ്ടര വർഷം പിന്നിടുമ്പോഴും ഗുരുവായൂരിനായി ക്രിയാത്മകമായ ഒരു പദ്ധതിയും അദ്ദേഹം നടപ്പിലാക്കിയിട്ടില്ല. വികസന കാര്യങ്ങളിൽ മറുപടിയില്ലാത്തതുകൊണ്ടാണ് ബി.ജെ.പി നേതാവ് വർഗീയത ഇളക്കിവിടാൻ ശ്രമിക്കുന്നത്. ക്ഷേത്രപ്രവേശന സമരത്തെ പോലും എതിർത്ത പാരമ്പര്യമാണ് സംഘപരിവാറിനുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോൺഗ്രസിനാണ് ബി.ജെ.പിയുമായി ‘ഡീൽ’ ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു.
വിവാദ പ്രസ്താവനയുടെ പേരിൽ ബി. ഗോപാലകൃഷ്ണനെ തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു തൃശൂർ ജില്ലാ കമ്മിറ്റി ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് സ്ഥാനാർത്ഥി നടത്തിയതെന്നാണ് ഹർജിയിലെ പ്രധാന വാദം.

