തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസ് തീരുമാനിച്ചു. സി.സി. മുകുന്ദനെ പിന്തുണയ്ക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സുനിൽ ലാലൂർ നാട്ടികയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.(Congress to not support CC Mukundan in Nattika)
സി.സി. മുകുന്ദൻ കോൺഗ്രസുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം ഡൽഹിയിലെത്തി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാൽ, ‘ആലോചിച്ച് തീരുമാനിക്കാം’ എന്ന മറുപടിയാണ് നേതൃത്വത്തിൽ നിന്ന് ലഭിച്ചത്.
മുന്നണി മാറ്റത്തിലൂടെ എത്തുന്ന മുകുന്ദനെ നാട്ടികയിൽ പിന്തുണയ്ക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിലെ പ്രാദേശിക നേതൃത്വം ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഈ എതിർപ്പ് കണക്കിലെടുത്താണ് സ്വന്തം പാർട്ടിക്കാരനെ തന്നെ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. ഇതോടെ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാമെന്ന മുകുന്ദന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റു.

