തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് നാൾ മാത്രം ബാക്കിനിൽക്കെ, സർക്കാരിന്റെ ക്ഷേമപദ്ധതികളും വികസനനേട്ടങ്ങളും മുൻനിർത്തി പ്രചാരണം അവസാനഘട്ടത്തിലേക്ക് കടത്തി ഇടതുമുന്നണി. സംസ്ഥാന പര്യടനം പൂർത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മുതൽ തന്റെ മണ്ഡലമായ ധർമ്മടത്ത് കേന്ദ്രീകരിക്കും. വികസനത്തുടർച്ച എന്ന മുദ്രാവാക്യത്തിലാണ് എൽഡിഎഫ് ഊന്നൽ നൽകുന്നത്.(Assembly elections, CM Pinarayi Vijayan in Dharmadom today for the campaign )
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ചർച്ച ചെയ്ത ‘ക്യാപ്റ്റൻ’ എന്ന വിശേഷണം വീണ്ടും പ്രചാരണ വേദികളിൽ സജീവമാകുന്നു. തിരഞ്ഞെടുപ്പിന്റെ ആവേശകരമായ അവസാന ലാപ്പിൽ നേതാക്കൾ പിണറായി വിജയനെ വീണ്ടും ‘ക്യാപ്റ്റൻ’ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ‘സഖാവ്’ എന്നതാണ് പ്രഥമ സംബോധനയെങ്കിലും എ.കെ.ജിക്ക് പാവങ്ങളുടെ പടത്തലവൻ എന്നും ഇ.എം.എസിന് സൈദ്ധാന്തികൻ എന്നും വി.എസിന് ജനകീയ നേതാവെന്നുമുള്ള വിശേഷണങ്ങൾ ജനങ്ങൾ നൽകിയിരുന്നു. ആ ഗണത്തിലേക്കാണ് പിണറായിയുടെ സംഘടനാ കരുത്തിന് ‘ക്യാപ്റ്റൻ’ എന്ന പേരും ചേർത്തുവയ്ക്കപ്പെട്ടത്.
മൂന്നാം സർക്കാരിനായുള്ള വോട്ട് തേടലിൽ, സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ തന്നെയാണ് പ്രധാന ആയുധം. സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളെ വികസന രാഷ്ട്രീയത്തിലൂടെ പ്രതിരോധിക്കാനാണ് മുഖ്യമന്ത്രിയുടെയും ഇടത് നേതാക്കളുടെയും തീരുമാനം.

