പാലക്കാട്: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പാലക്കാട് മണ്ഡലത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കി വോട്ടിന് കോഴ ആരോപണം. എൻഡിഎ സ്ഥാനാർത്ഥിയുടെ സന്ദർശനത്തിനിടെ വോട്ടർമാർക്ക് പണം നൽകിയെന്ന വിവാദം വോട്ടെടുപ്പ് ദിവസവും സജീവ ചർച്ചയാക്കാൻ യുഡിഎഫും എൽഡിഎഫും തീരുമാനിച്ചതോടെ രാഷ്ട്രീയ പോര് കടുത്തു.(Allegation of bribing for votes, BJP loses ground on election day, political battle intensifies)
പാലക്കാട് സൗത്ത് പൊലീസാണ് വോട്ടിന് കോഴ നൽകിയെന്ന പരാതിയിൽ കേസെടുത്തിട്ടുള്ളത്. കണ്ടാൽ തിരിച്ചറിയാവുന്ന എൻഡിഎ പ്രതിനിധികൾക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് കുറ്റം.
സ്ത്രീ വയോധികയ്ക്ക് പണം കൈമാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നതാണ് വിവാദത്തിന് ആധാരം. പരാതിയെത്തുടർന്ന് തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ വയോധികയുടെ വീട്ടിലെത്തി പരിശോധന നടത്തി. എന്നാൽ, തനിക്ക് പണം ലഭിച്ചിട്ടില്ലെന്നാണ് വയോധികയും കുടുംബവും ഉദ്യോഗസ്ഥരോട് പറഞ്ഞത്.

