കോഴിക്കോട്: അബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലിം ലീഗിനെതിരെ പരസ്യമായി രംഗത്തുവന്നതിന് പിന്നാലെ, അദ്ദേഹത്തെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി സിപിഎം. ലീഗ് പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം അതിനെ ശക്തമായി പ്രതിരോധിച്ച നേതാവാണ് രണ്ടത്താണിയെന്ന് വിജയരാഘവൻ ഓർമ്മിപ്പിച്ചു.(Abdurahiman Randathani’s dissatisfaction is not a small matter, says A Vijayaraghavan)
രണ്ടത്താണിയുടെ അസംതൃപ്തി ചെറിയ കാര്യമല്ല. നിലവിലുള്ള സാഹചര്യത്തോട് ഇടതുമുന്നണി പോസിറ്റീവായി പ്രതികരിക്കും. അതിനുള്ള ശ്രമങ്ങൾ നടത്തും. എൽഡിഎഫിന് കൂടുതൽ സീറ്റുകൾ നേടാൻ സഹായിക്കുന്ന സാഹചര്യം എവിടെ രൂപപ്പെട്ടാലും അത് ഉപയോഗപ്പെടുത്തും. നിലവിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ മാറ്റി പുതിയൊരാളെ പരിഗണിക്കേണ്ടി വന്നാൽ അതിനും മുന്നണി തയ്യാറാണെന്ന സൂചന അദ്ദേഹം നൽകി.
രണ്ടത്താണി മാത്രമല്ല, മലപ്പുറം ജില്ലയിൽ മറ്റ് പല ‘വിസ്മയങ്ങളും’ ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ചർച്ചകൾ നടത്തിയോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ അദ്ദേഹം തയ്യാറായില്ല. മന്ത്രി വി. അബ്ദുറഹ്മാൻ പ്രചാരണരംഗത്ത് സജീവമല്ലെന്ന വാർത്തകൾ വിജയരാഘവൻ തള്ളി. മലപ്പുറത്തെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും വളരെ വേഗതയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണെന്നും വിജയരാഘവൻ പുകഴ്ത്തി.

