കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ധർമ്മടത്ത് രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി.പി. അബ്ദുൾ റഷീദിനെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കുന്നു. തളിപ്പറമ്പിലാണ് അബ്ദുൾ റഷീദിനെ മത്സരിപ്പിക്കാൻ നിശ്ചയിച്ചിരുന്നത്.(Abdul Rasheed against CM Pinarayi Vijayan in Dharmadom, The battle is intensifying)
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ എം.വി. ഗോവിന്ദനെതിരെ മത്സരിച്ച അബ്ദുൾ റഷീദ്, മണ്ഡലത്തിലെ ഇടത് ഭൂരിപക്ഷം 40,000-ത്തിൽ നിന്ന് 22,000-ത്തിലേക്ക് കുറച്ചു എന്ന നേട്ടവുമായാണ് ഇത്തവണ ധർമ്മടത്തേക്ക് എത്തുന്നത്. കരുത്തനായ സ്ഥാനാർത്ഥിയെ നിർത്തി മുഖ്യമന്ത്രിയെ മണ്ഡലത്തിൽ തളച്ചിടുക എന്ന തന്ത്രമാണ് കോൺഗ്രസ് ഇവിടെ പയറ്റുന്നത്.
കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് ഡൽഹിയിൽ നടക്കുന്ന സിഇസി യോഗത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ധർമ്മടത്ത് വമ്പൻ റോഡ് ഷോയോടെ പ്രചാരണത്തിന് തുടക്കമിടും. വൈകിട്ട് 3.30-ന് മട്ടന്നൂർ എയർപോർട്ടിൽ നിന്ന് ആരംഭിച്ച് പിണറായി വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്.

