ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം പരിഹരിക്കാൻ ഇന്ത്യ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ പ്രശംസിച്ച് ഇറാൻ. സംഘർഷം ചർച്ചയിലൂടെ തീർക്കണമെന്ന ഇന്ത്യയുടെ നിലപാട് സ്വാഗതാർഹമാണെന്ന് ഇറാൻ അംബാസഡർ വ്യക്തമാക്കി. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കുമെന്നും ഇറാൻ ഉറപ്പുനൽകി.(West Asian crisis, Iran praises India’s peace moves, assures safe passage through Strait of Hormuz)
കഴിഞ്ഞ ദിവസം 15,400 ടൺ എൽപിജി വഹിച്ചുകൊണ്ടുള്ള ‘ഗ്രീൻ ആശ’ എന്ന ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടു. യുദ്ധം തുടങ്ങിയ ശേഷം ഈ പാത കടക്കുന്ന എട്ടാമത്തെ ഇന്ത്യൻ കപ്പലാണിത്. ആകെ 87,000 ടൺ എൽപിജി നിറച്ച നാല് കപ്പലുകൾ കൂടി ഉടൻ ഈ പാത വഴി എത്തുമെന്നാണ് വിവരം.
ഹോർമുസ് കടൽപാത അടഞ്ഞതോടെ ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ 40 ശതമാനവും എൽഎൻജി വിതരണത്തിൽ 92 ശതമാനവും കുറവുണ്ടായിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ 90 ശതമാനം വർദ്ധിപ്പിച്ചു. കൂടാതെ അംഗോള, നൈജീരിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നും ഇന്ത്യ ഇന്ധനം എത്തിക്കുന്നുണ്ട്.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് നൽകിയ അന്ത്യശാസനം ഇന്ന് രാത്രിയോടെ അവസാനിക്കും. ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകളും പ്രധാന പാലങ്ങളും തകർക്കുമെന്ന് ട്രംപ് ‘ട്രൂത്ത് സോഷ്യലിലൂടെ’ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ഇറാന്റെ പവർ പ്ലാന്റും പാലങ്ങളും തകർക്കുന്ന ദിനമായിരിക്കും! ആ കടലിടുക്ക് തുറക്കൂ.. അല്ലെങ്കിൽ നിങ്ങൾ നരകത്തിൽ കഴിയേണ്ടി വരും, ട്രംപ് കുറിച്ചു.
ഇറാനിലെ എണ്ണപ്പാടങ്ങൾ പിടിച്ചെടുക്കുമെന്നും ട്രംപ് ആവർത്തിച്ചു. എന്നാൽ ഒരു കരാറിലെത്താൻ ചെറിയ സാധ്യതയുണ്ടെന്ന് അഭിമുഖത്തിൽ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ തടസ്സം മറികടക്കാൻ സൗദി അറേബ്യയുടെയും യുഎഇയുടെയും പൈപ്പ്ലൈനുകൾ വഴി ഇന്ധന വിതരണം ഭാഗികമായി വഴിതിരിച്ചുവിടുന്നുണ്ട്.

