Description
Digital Voice of Kerala
Monday, March 2, 2026

Digital Voice of Kerala
HomeIran Israel Conflict'പാമ്പിൻ്റെ തല വെട്ടിമാറ്റി, സൈനിക നടപടി 4 ആഴ്ചയോളം നീണ്ടേക്കാം': IRGC...

‘പാമ്പിൻ്റെ തല വെട്ടിമാറ്റി, സൈനിക നടപടി 4 ആഴ്ചയോളം നീണ്ടേക്കാം’: IRGC ആസ്ഥാനം തകർത്തെന്ന് US, സൽമാൻ തുറമുഖം ആക്രമിച്ച് ഇറാൻ, വിദേശകപ്പലിൽ തീപിടിത്തം, ഒരു മരണം, നയതന്ത്ര ബന്ധം വിച്ഛേദിച്ച് UAE, ഐക്യദാർഢ്യം പ്രഖ്യാപിച്ച് മോദി, UAE പ്രസിഡൻറുമായി സംസാരിച്ചു, നെതന്യാഹുവുമായും സംസാരിച്ചു | West Asian conflict

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമാകുന്നു. ഇറാന്റെ സൈനിക കരുത്തായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ആസ്ഥാനം തകർത്തതായി അമേരിക്കൻ സൈന്യം അറിയിച്ചു. ‘പാമ്പിന്റെ തല വെട്ടിമാറ്റി’ എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ഇറാന്റെ സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലും അതിശക്തമായ ആക്രമണം തുടരുകയാണ്. ഇറാനെതിരായ സൈനിക നടപടി നാലാഴ്ചയോളം നീണ്ടേക്കാമെന്നാണ് ട്രംപ് പറയുന്നത്.(West Asian conflict, US says it destroyed IRGC headquarters)

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംയുക്ത ആക്രമണം ശക്തമായത്. ഐആർജിസി ആസ്ഥാനത്തിന് പുറമെ, രഹസ്യാന്വേഷണ വിഭാഗം, വ്യോമസേനാ കമാൻഡ് സെന്ററുകൾ, ആഭ്യന്തര സുരക്ഷാ ആസ്ഥാനം എന്നിവ ഇസ്രയേൽ തകർത്തു. ലോകത്തിലെ ഏറ്റവും മാരകമായ ബി-2 ബോംബറുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണ്ണമായും നശിപ്പിച്ചതായി അമേരിക്ക അവകാശപ്പെടുന്നു. ഇറാന്റെ ഒമ്പത് സൈനിക കപ്പലുകൾ തകർത്തതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്ഥിരീകരിച്ചു.

ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും സഖ്യകക്ഷികൾക്കും നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ബഹ്റൈനിലെ തന്ത്രപ്രധാനമായ സൽമാൻ തുറമുഖത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ വലിയ തീപിടിത്തമുണ്ടായി. രാജ്യത്തിന്റെ സാമ്പത്തിക-സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ ഈ ആക്രമണം നടത്തിയതെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി.

ഇറാന്റെ നടപടികളിൽ പ്രതിഷേധിച്ച് യുഎഇ നയതന്ത്ര ബന്ധം കടുപ്പിച്ചു. ഇറാനിലെ തങ്ങളുടെ എംബസി യുഎഇ അടച്ചുപൂട്ടുകയും അംബാസഡർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അടിയന്തരമായി പിൻവലിക്കുകയും ചെയ്തു. ഇറാൻ സാധാരണ ജനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെക്കുന്നതിൽ പ്രതിഷേധിച്ചാണ് ഈ നീക്കം. ഇറാന്റെ മിസൈൽ ഭീഷണിയെത്തുടർന്ന് അടുത്ത മൂന്ന് ദിവസം രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ.

യുഎഇക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിക്കുകയും ഗൾഫ് മേഖലയിലുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തു.

ഞായറാഴ്ച രാത്രിയാണ് പ്രധാനമന്ത്രി യുഎഇ പ്രസിഡന്റിനെ ബന്ധപ്പെട്ടത്. “ഈ പ്രയാസകരമായ സമയങ്ങളിൽ ഇന്ത്യ യുഎഇക്ക് ഒപ്പം നിൽക്കുന്നു” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. യുഎഇയിലുള്ള ഇന്ത്യൻ സമൂഹത്തിന് നൽകുന്ന സുരക്ഷയ്ക്കും കരുതലിനും ഷെയ്ഖ് മുഹമ്മദിനോട് പ്രധാനമന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും അദ്ദേഹം സംസാരിച്ചു. സംഭവവികാസങ്ങളിൽ ആശങ്കയറിയിച്ചു.

പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് മേഖലയെ നേരിട്ട് ബാധിക്കുന്നു. ബഹ്‌റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ മേഖലയിലുണ്ടായ തീപിടുത്തത്തിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചും ഒരു ഏഷ്യൻ സ്വദേശി കൊല്ലപ്പെട്ടു. മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങളാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും വിദേശ കപ്പലിന് തീപിടിക്കുകയും ചെയ്തു.

സൽമാൻ തുറമുഖത്തിന് സമീപം നടന്ന ആക്രമണത്തിൽ ബഹ്‌റൈൻ ശക്തമായ പ്രതിരോധം തീർത്തു. രാജ്യത്തിന്റെ സുരക്ഷാ-സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളെ തടഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാൻ തുടരുന്ന പ്രകോപനങ്ങൾ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ജിസിസി കൗൺസിൽ മുന്നറിയിപ്പ് നൽകി. എന്നാൽ, സമാധാന ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് സമയം വൈകിക്കരുതെന്ന് ഒമാൻ ആവശ്യപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala