ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധ സാഹചര്യം നിലനിൽക്കെ, ഇന്ത്യൻ നയതന്ത്രത്തിന് വലിയ വിജയമായി എണ്ണക്കപ്പൽ ‘ജഗ് ലാഡ്കി’ സുരക്ഷിതമായി മടങ്ങി. യു.എ.ഇ.യിലെ ഫുജൈറ ഓയിൽ ടെർമിനലിൽ ഇറാൻ ആക്രമണം നടക്കുമ്പോൾ എണ്ണ നിറയ്ക്കുകയായിരുന്നു ഈ കപ്പൽ. 80,800 ടൺ അസംസ്കൃത എണ്ണയുമായി ഞായറാഴ്ച രാവിലെ കപ്പൽ തുറമുഖം വിട്ടു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംഘർഷമേഖലയിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തുന്ന നാലാമത്തെ ഇന്ത്യൻ കപ്പലാണിത്.(West Asian conflict, Indian oil tanker returns safely with 80,800 barrels of oil )
രാജ്യത്തെ പാചകവാതക പ്രതിസന്ധി മറികടക്കാൻ കടുത്ത നടപടികളുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം രംഗത്തെത്തി. പൈപ്പ് വഴി പാചകവാതകം ലഭിക്കുന്ന കുടുംബങ്ങൾ എൽ.പി.ജി. സിലിണ്ടറുകൾ കൈവശം വെക്കുന്നത് അവശ്യവസ്തു നിയമപ്രകാരം നിരോധിച്ചു. നിലവിൽ രാജ്യത്ത് 60 ലക്ഷം കുടുംബങ്ങൾക്ക് പി.എൻ.ജി. സൗകര്യമുണ്ട്. ഇവർ സിലിണ്ടറുകൾ ഒഴിവാക്കുന്നതോടെ വിപണിയിലെ എൽ.പി.ജി. ക്ഷാമം കുറയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം, രാജ്യത്ത് എൽ.പി.ജി. ബുക്കിങ്ങിൽ കുറവ് രേഖപ്പെടുത്തി. മാർച്ച് 13-ന് 88.8 ലക്ഷം സിലിണ്ടറുകൾ ബുക്ക് ചെയ്ത സ്ഥാനത്ത് ശനിയാഴ്ച അത് 77 ലക്ഷമായി കുറഞ്ഞു. എങ്കിലും ഓൺലൈൻ ബുക്കിങ്ങിൽ മൂന്ന് ശതമാനം വർധനയുണ്ടായിട്ടുണ്ട്. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് നിലവിൽ ക്ഷാമമില്ലെന്ന് സർക്കാർ വ്യക്തമാക്കി.
ഇറാൻ അടച്ച ഹോർമുസ് കടലിടുക്കിന് സമീപം ഇനി 22 ഇന്ത്യൻ കപ്പലുകൾ മാത്രമാണ് ബാക്കിയുള്ളത്. നേരത്തെ ഇത് 28 ആയിരുന്നു. 92,712 മെട്രിക് ടൺ എൽ.പി.ജി.യുമായി പുറപ്പെട്ട ‘ശിവാലിക്’, ‘നന്ദാ ദേവി’ എന്നീ കപ്പലുകൾ യഥാക്രമം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മുന്ദ്രാ, കണ്ട്‌ലാ തുറമുഖങ്ങളിൽ എത്തും. ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ നേരിട്ട് ഇടപെട്ടു. ശനിയാഴ്ച രാത്രി യു.എ.ഇ. വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ളാ ബിൻ സായിദ് അൽ നഹ്യാൻ, സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ എന്നിവരുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു.

