ടെഹ്‌റാൻ: ഇറാനിൽ തകർന്നു വീണ എഫ്-15 യുദ്ധവിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെ സാഹസികമായ ദൗത്യത്തിലൂടെ അമേരിക്കൻ സൈന്യം രക്ഷപ്പെടുത്തി. ദൗത്യം വിജയകരമാണെന്നും ആർക്കും ജീവഹാനിയുണ്ടായില്ലെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, പിൻവാങ്ങുന്നതിനിടെ അമേരിക്ക സ്വന്തം വിമാനങ്ങൾ തന്നെ തകർക്കേണ്ടി വന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.(US destroys its own aircraft during pilot rescue operation, says Iran )
റിപ്പോർട്ടുകൾ പ്രകാരം, ശത്രുപാളയത്തിൽ രഹസ്യ നീക്കങ്ങൾ നടത്താൻ ഉപയോഗിക്കുന്ന രണ്ട് MC-130J ട്രാൻസ്പോർട്ട് വിമാനങ്ങളാണ് ദൗത്യത്തിനായി നിയോഗിച്ചത്. ദൗത്യത്തിനിടെ ഒരു വിമാനം ചലനമറ്റ നിലയിലായി. ഈ അത്യാധുനിക വിമാനങ്ങൾ ഇറാന്റെ കൈവശം എത്താതിരിക്കാൻ അമേരിക്കൻ സൈന്യം തന്നെ അവ ബോംബിട്ട് തകർക്കുകയായിരുന്നുവെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഇസ്ഫഹാൻ മേഖലയിൽ വെച്ച് അമേരിക്കയുടെ ഒരു C-130 വിമാനം തങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. സ്പെഷ്യൽ ഫോഴ്സ് യൂണിറ്റിന്റെ കനത്ത വെടിവെപ്പിലാണ് വിമാനം തകർന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ ദൗത്യത്തെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് രംഗത്തെത്തി. തകർന്നു കരിയുന്ന അമേരിക്കൻ വിമാനങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം എക്സിൽ കുറിച്ചു, “ഇതുപോലെയുള്ള മൂന്ന് വിജയങ്ങൾ കൂടി അമേരിക്കയ്ക്ക് ലഭിക്കുകയാണെങ്കിൽ, ആ രാജ്യം പൂർണ്ണമായും തകർന്നു തരിപ്പണമാകും.”

