ടെഹ്‌റാൻ: അമേരിക്കൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ കുട്ടികളുടെ ചിത്രങ്ങൾ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച് പ്രമുഖ ദിനപത്രമായ ടെഹ്‌റാൻ ടൈംസ്. ‘ട്രംപ്, അവരുടെ കണ്ണുകളിലേക്ക് നോക്കൂ’ എന്ന തലക്കെട്ടോടെയാണ് മിനാബിലെ സ്കൂളിൽ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രം പത്രം പുറത്തുവിട്ടത്.(Trump, Look Them In The Eyes, Tehran Times slams Donald Trump)
ആക്രമണത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന തെറ്റായ അവകാശവാദങ്ങളെ പത്രം മുഖപ്രസംഗത്തിലൂടെ രൂക്ഷമായി വിമർശിച്ചു. ഫെബ്രുവരി 28-നാണ് മിനാബ് പട്ടണത്തിൽ ആക്രമണം നടന്നത്. പട്ടണത്തിലെ ഷജറ ത്വയ്യിബ എലിമെന്ററി സ്കൂളാണ് തകർത്തത്. കുട്ടികൾ ഉൾപ്പെടെ 160-ലേറെ പേർ ദാരുണമായി കൊല്ലപ്പെട്ടു.
ഇങ്ങനെയൊരു ആക്രമണം നടന്നതായി അറിയില്ലെന്നാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും വൈറ്റ് ഹൗസും ആദ്യം പ്രതികരിച്ചത്. ഇസ്രായേലും സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. സ്കൂൾ തകർന്നത് ഇറാന്റെ തന്നെ മിസൈൽ ലക്ഷ്യം തെറ്റി വീണതാണെന്നായിരുന്നു ഡൊണാൾഡ് ട്രംപിന്റെ ആരോപണം. “ഇറാൻ ആണ് അത് ചെയ്തതെന്ന് ഞങ്ങൾ കരുതുന്നു. ആയുധങ്ങൾ പ്രയോഗിക്കുന്നതിൽ അവർക്ക് ഒരു കൃത്യതയുമില്ല” എന്ന് ട്രംപ് പരിഹസിച്ചിരുന്നു.
എന്നാൽ സ്കൂൾ ആക്രമിച്ചത് അമേരിക്കൻ സൈന്യമാണെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു. ടോമാഹോക്ക് ക്രൂയിസ് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തി. ദൃശ്യങ്ങളിൽ സ്കൂളിനോട് ചേർന്നുള്ള നാവിക താവളത്തിൽ ടോമാഹോക്ക് മിസൈൽ പതിക്കുന്നത് വ്യക്തമാണ്.

