ബേൺ: സായുധ സംഘട്ടനങ്ങളിൽ ഒരു പക്ഷത്തും ചേരാത്ത ദീർഘകാല നിഷ്പക്ഷതാ നയം മുൻനിർത്തി, അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിച്ച് യൂറോപ്യൻ രാജ്യമായ സ്വിറ്റ്‌സർലൻഡ്. ഇറാൻ യുദ്ധത്തിന്റെ ഭാഗമായുള്ള സൈനിക നീക്കങ്ങൾക്കായി വിമാനങ്ങൾ വിട്ടുനൽകില്ലെന്ന് സ്വിസ് സർക്കാർ വ്യക്തമാക്കി. (Switzerland closes airspace to US military planes)
ഞായറാഴ്ച സ്വിറ്റ്‌സർലൻഡിന് മുകളിലൂടെ പറക്കാൻ അനുമതി തേടിയ രണ്ട് അമേരിക്കൻ നിരീക്ഷണ വിമാനങ്ങളുടെ അഭ്യർത്ഥന ബേണിലെ ഫെഡറൽ ഗവൺമെന്റ് തള്ളി. എന്നാൽ, യുദ്ധവുമായി നേരിട്ട് ബന്ധമില്ലാത്ത രണ്ട് ഗതാഗത വിമാനങ്ങൾ ഉൾപ്പെടെ മറ്റ് മൂന്ന് വിമാനങ്ങൾക്ക് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികൾ സൈനിക ആവശ്യങ്ങൾക്കായി വ്യോമാതിർത്തി ഉപയോഗിക്കുന്നത് നിഷ്പക്ഷതാ നിയമങ്ങൾ വിലക്കുന്നുവെന്ന് സർക്കാർ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതും നയതന്ത്ര ഉദ്യോഗസ്ഥർക്ക് നേരെയുള്ള സുരക്ഷാ ഭീഷണിയും കണക്കിലെടുത്ത് ടെഹ്‌റാനിലെ സ്വിസ് എംബസി കഴിഞ്ഞ ബുധനാഴ്ച താൽക്കാലികമായി അടച്ചിരുന്നു.

