ടെഹ്‌റാൻ: 2026-ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറുന്നു. രാജ്യത്തെ നിലവിലെ യുദ്ധ സാഹചര്യവും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധവും മുൻനിർത്തിയാണ് ടൂർണമെന്റ് ബഹിഷ്കരിക്കാൻ ഇറാൻ തീരുമാനിച്ചത്. ഇറാന്റെ കായിക മന്ത്രി അഹ്മദ് ദൊനിയാമാലി വീഡിയോ സന്ദേശത്തിലൂടെയാണ് ഈ വിവരം അറിയിച്ചത്.(Iran’s Sports Minister announced that the national team will not participate in the 2026 FIFA World Cup)
യുദ്ധം തുടരുന്ന സാഹചര്യത്തിൽ തങ്ങളുടെ താരങ്ങൾക്ക് അമേരിക്കയിൽ സുരക്ഷാ ഭീഷണി നേരിടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം അമേരിക്കയിലാണ് നിശ്ചയിച്ചിരുന്നത്. ഏഷ്യയിൽ നിന്ന് ലോകകപ്പിന് ആദ്യമായി യോഗ്യത ഉറപ്പാക്കിയ ടീമാണ് ഇറാൻ.
ബെൽജിയം, ഈജിപ്ത്, ന്യൂസിലൻഡ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് ജി-യിലാണ് ഇറാൻ ഉൾപ്പെട്ടിരുന്നത്. ഇറാൻ ഔദ്യോഗികമായി പിന്മാറുന്ന പക്ഷം, ഫിഫ നിയമപ്രകാരം മേഖലയിലെ ഉയർന്ന റാങ്കുള്ള ടീമിന് ലോകകപ്പ് പ്രവേശനം ലഭിക്കും. അങ്ങനെയെങ്കിൽ ഇറാഖിന് ലോകകപ്പ് കളിക്കാൻ അവസരം ലഭിച്ചേക്കാം.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാനെ ലോകകപ്പ് കളിക്കാൻ ട്രംപ് സ്വാഗതം ചെയ്തതായി ഇൻഫാന്റിനോ അറിയിച്ചിരുന്നുവെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇറാൻ ആ ക്ഷണം നിരസിക്കുകയാണ്.

