റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. സൗദിയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന 13 ഡ്രോണുകൾ തകർത്തതായി പ്രതിരോധ സേന അറിയിച്ചു. വടക്കൻ അതിർത്തി മേഖലയിലും ഡ്രോൺ ആക്രമണ ശ്രമങ്ങൾ ഉണ്ടായെങ്കിലും ഇവയെല്ലാം വിജയകരമായി പ്രതിരോധിക്കാൻ സൗദിക്ക് സാധിച്ചു.(Iran continues attack on Saudi Arabia, Defense forces say they have shot down 13 drones )
അതേസമയം, യുഎഇയിലും ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. അബുദാബിയിലെ ശവാമെഖിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരന് പരിക്കേറ്റുവെന്നാണ് സൂചന. കഴിഞ്ഞ ദിവസം മാത്രം 4 മിസൈലുകളെയും 25 ഡ്രോണുകളെയും നേരിടേണ്ടി വന്നതായി യുഎഇ സർക്കാർ വ്യക്തമാക്കി.
ആക്രമണങ്ങളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയുമായുള്ള സുരക്ഷാ പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്ന് യുഎഇ പ്രതികരിച്ചു. സ്പ്രിങ് – പെരുന്നാൾ അവധിക്ക് ശേഷം യുഎഇയിൽ ഇന്ന് ക്ലാസുകൾ പുനരാരംഭിക്കാനിരിക്കെ, നിലവിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി ക്ലാസുകൾ ഓൺലൈനായി തുടരാൻ തീരുമാനിച്ചു. വരും ആഴ്ചകളിലെ ഇറാൻ ആക്രമണ സാധ്യത കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച കൂടി ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് സർക്കാർ അറിയിച്ചു.

