ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, ഇറാനെതിരെ ആഗോളതലത്തിൽ കടുത്ത ആരോപണങ്ങളുമായി അമേരിക്ക. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് ആരോപിച്ചു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.(Iran begins military campaign, New army chief arrives)
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം നടത്തി. നേരിട്ടും നിഴൽരൂപങ്ങൾ വഴിയും ടെഹ്‌റാൻ ഇത്തരം അക്രമങ്ങൾക്ക് മുതിരുന്നു. കഴിഞ്ഞ 47 വർഷമായി അമേരിക്കയ്ക്ക് മരണം എന്ന മുദ്രാവാക്യവുമായി ഇസ്രായേലിനെയും അമേരിക്കയെയും ഉന്മൂലനം ചെയ്യാനാണ് ഇറാൻ ശ്രമിക്കുന്നത്. ഇറാനുമായുള്ള സംഘർഷം സമാധാനപരമായി പരിഹരിക്കാൻ അമേരിക്ക ശ്രമിച്ചെങ്കിലും ഇറാൻ അത് പരാജയപ്പെടുത്തി. അതിനാൽ, യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം ഇസ്രായേലുമായി ചേർന്ന് നിയമപരമായ സൈനിക നടപടികൾ സ്വീകരിക്കാൻ അമേരിക്ക നിർബന്ധിതരായി.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങളിൽ ഉന്നത നേതൃത്വം തകർന്ന പശ്ചാത്തലത്തിൽ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിന് പുതിയ കമാൻഡർ ഇൻ ചീഫിനെ നിയമിച്ച് ഇറാൻ. മുൻ പ്രതിരോധ-ആഭ്യന്തര മന്ത്രിയും പ്രമുഖ സൈനിക ഉദ്യോഗസ്ഥനുമായ അഹമ്മദ് വാഹിദിയാണ് എലൈറ്റ് മിലിഷ്യയുടെ പുതിയ തലവൻ. ആറ് മാസമായി ഇടക്കാല മേധാവിയായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.
അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങൾ ഇറാന്റെ ഭരണ-സൈനിക തലപ്പത്ത് വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കൊപ്പം അദ്ദേഹത്തിന്റെ മകൾ, മരുമകൻ, കൊച്ചുമകൻ എന്നിവരും കൊല്ലപ്പെട്ടു. സായുധ സേനാ മേധാവി അബ്ദുൾ റഹീം മൗസവി ഉൾപ്പെടെ ഇറാന്റെ ഉന്നത നേതൃനിരയിലെ 40 ഓളം ഉദ്യോഗസ്ഥരാണ് ആക്രമണത്തിൽ മരിച്ചത്. ഖമേനിയിയുടെ പിൻഗാമിയെ 88 പുരോഹിതന്മാർ അടങ്ങുന്ന ‘അസംബ്ലി ഓഫ് ലീഡർഷിപ്പ്’ തിരഞ്ഞെടുക്കും. ഖമനെയിയുടെ മകൻ മുജ്തബ ഹുസൈനി ഈ സ്ഥാനത്തേക്ക് വരാനാണ് സാധ്യത.
ഇറാന്റെ സൈനിക താവളങ്ങളും മിസൈൽ വിതരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള സംയുക്ത ആക്രമണം തുടരുകയാണ്. തിരിച്ചടിയായി മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളെ ഇറാനും ലക്ഷ്യമിടുന്നു. ഇത് പ്രവാസികളെയും യാത്രക്കാരെയും സാരമായി ബാധിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 71 വിമാനങ്ങൾ റദ്ദാക്കി. വിമാനങ്ങൾ റദ്ദാക്കിയതോടെ ആയിരക്കണക്കിന് പ്രവാസികളാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാനും രാജ്യം തിരിച്ചുപിടിക്കാനും ഇറാൻ ജനതയ്ക്കുള്ള അവസരമാണിതെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്.
ഇസ്രായേൽ-അമേരിക്കൻ സഖ്യവുമായുള്ള യുദ്ധം ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. മധ്യസ്ഥശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ പ്രവാസികളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ദുഖും തുറമുഖത്ത് രണ്ട് ഡ്രോണുകൾ പതിച്ചു. തൊഴിലാളികളുടെ താമസസ്ഥലത്താണ് ഇവ വീണത്. ആക്രമണത്തിൽ ഒരു പ്രവാസിക്ക് പരിക്കേറ്റു. കൂടാതെ, ഖസബ് തുറമുഖത്തിന് സമീപം ഓയിൽ ടാങ്കർ കപ്പലിന് നേരെയും ആക്രമണമുണ്ടായി. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാരെയും 5 ഇറാൻ പൗരന്മാരെയും ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രം രക്ഷപ്പെടുത്തി. ഇതിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ദുബായിൽ രണ്ട് സ്വദേശികളുടെ വീടുകൾക്ക് മുകളിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു. ഇവിടെ രണ്ട് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ജബൽ അലി തുറമുഖത്തിന് നേരെയും ആക്രമണ ശ്രമമുണ്ടായി. ദോഹയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തമുണ്ടായി. ബഹ്റൈനിലെ ക്രൗൺ പ്ലാസ ഹോട്ടലിന് നേരെയും ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതുവരെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതായാണ് വിവരം. ഖത്തർ എയർവേയ്‌സ് ഉൾപ്പെടെയുള്ള വിമാന സർവീസുകൾ നിർത്തിവെച്ചതോടെ നിരവധി മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് നാളെ നടക്കേണ്ടിയിരുന്ന സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റിവെച്ചു.
പേർഷ്യൻ ഗൾഫിലേക്ക് ഒരു അമേരിക്കൻ യുദ്ധക്കപ്പലിനെയോ അനുബന്ധ കപ്പലുകളെയോ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. മുൻ ഐആർജിസി കമാൻഡർ മൊഹ്‌സൻ റെസായിയാണ് യുഎസ് നാവികസേനയ്ക്ക് നേരെ കടുത്ത താക്കീത് നൽകിയത്. സർക്കാർ നിയന്ത്രിത വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് പുറത്തുവിട്ട ടെലിഗ്രാം സന്ദേശത്തിലാണ് റെസായിയുടെ ഈ നിർണ്ണായക പ്രസ്താവന.
സംഘർഷം രൂക്ഷമാകുന്നതിന് മുന്നോടിയായി തന്നെ അമേരിക്ക പശ്ചിമേഷ്യയിൽ വൻതോതിൽ കപ്പൽപ്പടയെ വിന്യസിച്ചിരുന്നു. ഇറാന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ടോമഹോക്ക് മിസൈലുകൾ വിക്ഷേപിക്കുന്നതിന്റെയും, വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയരുന്നതിന്റെയും ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് നേരത്തെ പുറത്തുവിട്ടിരുന്നു. ശനിയാഴ്ച നടന്ന ആക്രമണസമയത്ത് ചില യുഎസ് കപ്പലുകൾ പേർഷ്യൻ ഗൾഫിലും മറ്റുള്ളവ അറബിക്കടലിലുമായിരുന്നു. എന്നാൽ നിലവിൽ ഇവയുടെ സ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്ക അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
പേർഷ്യൻ ഗൾഫിലെ അമേരിക്കൻ സാന്നിധ്യം പൂർണ്ണമായും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന്റെ നീക്കങ്ങൾ. യുഎസ് കപ്പലുകളെ നേരിടാൻ മിസൈലുകളും ഡ്രോണുകളും സജ്ജമാക്കാൻ ഐആർജിസി നാവികസേനയ്ക്ക് ഇറാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിന് പിന്നാലെ പേർഷ്യൻ ഗൾഫിലേക്കുള്ള പ്രവേശനം കൂടി നിരോധിക്കുന്നത് ആഗോള എണ്ണ വിതരണത്തെ താറുമാറാക്കിയേക്കും.
ഇറാന്റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇ സജ്ജമാണെന്നും, ആവശ്യമെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്നും യുഎഇ. റീം അൽ ഹാഷിമിയാണ് മുന്നറിയിപ്പ് നൽകിയത്. ശനിയാഴ്ച രാത്രി യുഎഇയെ ലക്ഷ്യമിട്ട് നടന്ന വൻതോതിലുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. മിസൈൽ വർഷങ്ങൾക്ക് ഇരയായിക്കൊണ്ട് യുഎഇ ഇനി കൈകെട്ടി നോക്കിനിൽക്കില്ല. സ്വയം പ്രതിരോധിക്കാൻ രാജ്യം പൂർണ്ണ സജ്ജമാണ് എന്നാണ് അവർ വ്യക്തമാക്കിയത്. സാഹചര്യം വഷളാകാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, ആക്രമണങ്ങൾ തുടർന്നാൽ യുഎഇ കൂടുതൽ ആക്രമണാത്മകമായ നിലപാടിലേക്ക് മാറുമെന്ന് മന്ത്രി വ്യക്തമാക്കി.
ഒരു അയൽരാജ്യം എന്ന നിലയിൽ യുഎഇ എന്നും മാന്യമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇനി സമാധാനമാണോ സംഘർഷമാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഇറാനാണെന്നും അവർ കൂട്ടിച്ചേർത്തു. യുഎഇ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ശനിയാഴ്ച രാത്രി മാത്രം ഇറാൻ തൊടുത്തുവിട്ടത് 137 ബാലിസ്റ്റിക് മിസൈലുകൾ ആണ്. 209 ഡ്രോണുകളും വർഷിച്ചു. അബുദാബിയെയും വിനോദസഞ്ചാര-സാമ്പത്തിക കേന്ദ്രമായ ദുബായിയെയും ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണങ്ങൾ.

