അബുദാബി: യുഎഇയിലെ ഏറ്റവും വലിയ പ്രകൃതിവാതക സംസ്‌കരണ കേന്ദ്രമായ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. പ്ലാന്റിന് നേരെയുണ്ടായ മിസൈൽ ആക്രമണം വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞെങ്കിലും, തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ പ്ലാന്റ് പരിസരത്ത് വീണ് തീപിടുത്തമുണ്ടായതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.(Fire at Habshan gas plant in Abu Dhabi, Operations temporarily suspended)
അബുദാബി നാഷണൽ ഓയിൽ കമ്പനി നടത്തുന്ന ഹബ്ഷാൻ പ്ലാന്റാണ് യുഎഇയിലെ വിവിധ പാടങ്ങളിൽ നിന്നുള്ള ഗ്യാസ് ശേഖരിക്കാനും സംസ്‌കരിക്കാനും ആഭ്യന്തര ആവശ്യങ്ങൾക്കായി വിതരണം ചെയ്യാനുമുള്ള പ്രധാന കേന്ദ്രം. ഹോർമുസ് കടലിടുക്കിന് പുറത്തുള്ള ഫുജൈറ തുറമുഖത്തേക്കുള്ള അഡ്നോക്കിന്റെ പ്രധാന ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ ആരംഭിക്കുന്നത് ഹബ്ഷാനിൽ നിന്നാണ്. അതിനാൽ തന്നെ ഈ പ്ലാന്റിന് നേരെയുള്ള നീക്കം ആഗോള എണ്ണ വിപണിയെ ബാധിക്കാൻ സാധ്യതയുണ്ട്.
ഹബ്ഷാനിലെ സംഭവത്തിന് തൊട്ടുമുൻപ് കുവൈറ്റിലെ മിന അൽ അഹമ്മദി ഓയിൽ റിഫൈനറിക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണസമയത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന യൂണിറ്റുകളിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. വെള്ളിയാഴ്ച പുലർച്ചെ കുവൈറ്റിലെ ഒരു വൈദ്യുതി നിലയത്തിനും കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റിനും നേരെ ആക്രമണമുണ്ടായതായും ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ സ്ഥിരീകരിച്ചു.

