മസ്‌കറ്റ്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ഒമാനിലെ ദുഖും തുറമുഖത്തിന് നേരെ വീണ്ടും ഡ്രോണാക്രമണം. ഒരു ഡ്രോൺ ഇന്ധന ടാങ്കിൽ പതിച്ചതായി ഒമാൻ ന്യൂസ് ഏജൻസി സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെങ്കിലും മേഖലയിൽ കനത്ത സുരക്ഷാ ഭീഷണി നിലനിൽക്കുന്നു. ഇതേ തുറമുഖത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ ഒരു പ്രവാസിക്ക് പരിക്കേറ്റിരുന്നു.(Earthquake in Iran during attack, Drone attack on port in Oman)
സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ നിലവിൽ ലഭ്യമായ വിമാന സർവീസുകളെ പ്രയോജനപ്പെടുത്തണമെന്നും എംബസി നിർദ്ദേശിച്ചു. അതേസമയം, ഇറാനിലെ ടെഹ്‌റാനിലുള്ള ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇവരുടെ ഭക്ഷണവും താമസവും ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ, മടങ്ങാൻ തയ്യാറാകാത്ത ചുരുക്കം ചില വിദ്യാർത്ഥികൾ ഇപ്പോഴും ടെഹ്‌റാനിൽ തുടരുന്നുണ്ട്.
ഗൾഫ് മേഖലയിലെ നിർമ്മാണ തൊഴിലാളികൾ മുതൽ വിദ്യാർത്ഥികൾ വരെ സോഷ്യൽ മീഡിയയിലൂടെ സഹായമഭ്യർത്ഥിക്കുകയാണ്. വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ റദ്ദാക്കിയതും പ്രവാസികളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബായിലെ ഗ്ലോബൽ വില്ലേജ് ഇന്നും അടഞ്ഞു കിടക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകൾ
അടിയന്തര സാഹചര്യങ്ങളിൽ പ്രവാസികൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
യുഎഇയിലെ അബുദാബിയിലുള്ളവർക്ക് 800-46342 (ടോൾ ഫ്രീ), +971543090571 (WhatsApp) എന്നീ നമ്പറുകളിലും സൗദി അറേബ്യയിലെ റിയാദിലുള്ളവർക്ക് 00-966-11-4884697, 800 247 1234, +966-542126748 (WhatsApp) എന്നീ നമ്പറുകളിലും ബന്ധപ്പെടാം. ഒമാനിലെ മസ്‌കറ്റിലുള്ളവർക്ക് 80071234 (ടോൾ ഫ്രീ), +96898282270 (WhatsApp) എന്നീ നമ്പറുകൾ ഉപയോഗിക്കാം.
മറ്റ് രാജ്യങ്ങളിലെ ഹെൽപ്പ്‌ലൈൻ നമ്പറുകൾ: ഖത്തർ (ദോഹ): 00974-55647502, കുവൈറ്റ്: +96565501946, ബഹ്‌റൈൻ: 00973-39418071, ഇറാൻ (തെഹ്‌റാൻ): +989128109115, +989128109109, +989128109102, ഇസ്രായേൽ (തെൽ അവീവ്): +972-54-7520711, +972-54-2428378, ഇറാഖ് (ബാഗ്ദാദ്): +964 771 651 1185, +964 770444 4899, ജോർദാൻ: 00962-770 422 276, പലസ്തീൻ (റമല്ല): +970592916418.
മേഖലയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ഇറാനിൽ ഭൂചലനം. തെക്കൻ ഇറാനിലെ ഗെരാഷ് മേഖലയിലാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. യുഎസ്, ഇസ്രയേൽ സൈന്യങ്ങൾ ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുന്നതിനിടെയാണ് പ്രകൃതിക്ഷോഭവും ഉണ്ടായതെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ഗെരാഷ് മേഖലയിൽ ഭൂനിരപ്പിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ അറിയിച്ചു. നിലവിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ടെഹ്‌റാനിൽ നിന്ന് 800 കിലോമീറ്റർ അകലെയുള്ള കെർമൻ വ്യോമതാവളത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ 13 ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടു. ഇറാനിയൻ സൈനിക ഹെലികോപ്റ്ററുകൾ സ്ഥിതി ചെയ്യുന്ന താവളമാണ് ആക്രമിക്കപ്പെട്ടതെന്ന് തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനിയൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങൾ മേഖലയിൽ ശക്തമായി തുടരുകയാണ്.

