ചർമ്മ സംരക്ഷണം എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചർമ്മത്തിന് ഓരോ സമയത്തും ഓരോ തരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും ചർമ്മത്തിൽ ഉണ്ടാവുന്ന വരൾച്ചയാണ് ചർമ്മത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ ഓടി ബ്യൂട്ടി പാർലറിൽ പോകുന്നവരാണ് പലരും. എന്നാൽ ചർമ്മത്തിന് വില്ലനാവുന്ന കെമിക്കൽസ് പല അസ്വസ്ഥതകളിലേക്കും നമ്മളെ കൊണ്ടെത്തിക്കുന്നു.
വരണ്ട ചർമ്മത്തിന് പരിഹാരം തേടുമ്പോൾ പലരും പരാജയപ്പെടുന്ന അവസ്ഥയാണ് കണ്ടിട്ടുള്ളത്. എന്നാല്‍ ചർമ്മത്തിൽ ഉണ്ടാവുന്ന ഇത്തരം അവസ്ഥയെ റോസ് വാട്ടർ (Rose Water) കൊണ്ട് ഇല്ലാതാക്കാം. സൗന്ദര്യ സംരക്ഷണത്തിന് റോസ് വാട്ടർ പല രീതിയിൽ ഉപയോഗിക്കാം. ചർമ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും റോസ് വാട്ടർ മികച്ചൊരു പരിഹാരമാണ്.
അൽപം റോസ് വാട്ടർ എടുത്ത് ഒരു പഞ്ഞിയിൽ മുക്കി ദിവസവും രണ്ടോ മൂന്നോ തവണ ഇത് മുഖത്ത് ഉരച്ച് കൊടുക്കുക. ഇത് ഇടക്കിടക്ക് ചെയ്യുന്നതിലൂടെ ചർമ്മത്തിലെ മൃതപാളികളെ ഇല്ലാതാക്കി ചർമ്മത്തിനെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കുന്നു. ഇത് ദിവസവും ശീലമാക്കാം. റോസ് വാട്ടറിൽ ഒരിക്കലും വെള്ളം ചേർക്കരുത്.
ഗ്ലിസറിൻ
ചര്‍മ്മത്തിൽ റോസ് വാട്ടർ ഉപയോഗിക്കുമ്പോൾ ഗ്ലിസറിൻ ചേർക്കാവുന്നതാണ്. അൽപം ഗ്ലിസറിൻ മിക്സ് ചെയ്ത് പഞ്ഞികൊണ്ട് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. പത്ത് മിനിട്ടെങ്കിലും ഇത്തരത്തിൽ ചെയ്യേണ്ടതുണ്ട്. ഇതിലൂടെ ചർമ്മത്തിന് നല്ല തിളക്കവും നിറവും ലഭിക്കുന്നു. വരണ്ട ചർമ്മത്തിന് പരിഹാരവുമാണ്.
തേനും റോസ് വാട്ടറും
തേനും അൽപം റോസ് വാട്ടറും മിക്സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു. വരണ്ട ചർമ്മത്തിനും ഇത് പരിഹാരമാണ്.
മുള്ട്ടാണി മിട്ടി
മുള്‍ട്ടാണി മിട്ടിയും അൽപം റോസ് വാട്ടറും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. വരണ്ട ചർമ്മം, ചർമ്മത്തിലെ ചുളിവ് എന്നിവക്ക് പരിഹാരമാണ്.
നാരങ്ങ നീരും റോസ് വാട്ടറും
നാരങ്ങ നീരും റോസ് വാട്ടറും മിക്സ് ചെയ്ത് പഞ്ഞി ഉപയോഗിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നല്ലൊരു ബ്ലീച്ച് ആണ്. ഇത് ചർമ്മത്തിനെ ആഴത്തിൽ ക്ലീൻ ചെയ്യുന്നതിനും ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
പാലും റോസ് വാട്ടറും
ഒരു സ്പൂൺ പാലില്‍ അതേ അളവിൽ റോസ് വാട്ടർ മിക്സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം ചർമ്മത്തിൽ പത്ത് മിനിട്ട് മസ്സാജ് ചെയ്യുക. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ അത് ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ മാറ്റി വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.



