ന്യൂഡൽഹി: ‘കെഡി: ദ ഡെവിൾ’ എന്ന ചിത്രത്തിലെ ‘സർക്കെ ചുനാർ’ എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ബോളിവുഡ് നടി നോറ ഫത്തേഹി ദേശീയ വനിതാ കമ്മിഷന് മുന്നിൽ ഹാജരായി (Nora Fatehi NCW News). ഗാനത്തിലെ വരികളും ദൃശ്യങ്ങളും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതാണെന്ന പരാതിയെത്തുടർന്ന് കമ്മിഷൻ സ്വമേധയാ എടുത്ത കേസിലാണ് നടപടി. വ്യാഴാഴ്ച രാവിലെ 11.30-ഓടെ ഹാജരായ നടി, ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുകയും രേഖാമൂലം മാപ്പ് നൽകുകയും ചെയ്തു.
“ഒരു നടിയെന്ന നിലയിൽ എനിക്ക് ഉത്തരവാദിത്തമുണ്ട്. മാപ്പപേക്ഷ നൽകുന്നതിനൊപ്പം അനാഥരായ പെൺകുട്ടികളെ ഏറ്റെടുക്കാനും ഞാൻ തീരുമാനിച്ചിട്ടുണ്ട്,” എന്ന് കമ്മിഷന് മുന്നിൽ ഹാജരായ ശേഷം നോറ മാധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്തെ ഇതേ കേസിൽ നടൻ സഞ്ജയ് ദത്തും കമ്മിഷന് മുന്നിൽ ഹാജരായിരുന്നു. ഏപ്രിൽ 27-ന് ഹാജരായ അദ്ദേഹം മാപ്പപേക്ഷ നൽകുകയും 50 ആദിവാസി പെൺകുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ സംവിധായകൻ കിരൺ കുമാർ, നിർമ്മാതാവ് വെങ്കട് കെ. നാരായണ, ഗാനരചയിതാവ് റക്വീബ് ആലം എന്നിവർക്കും കമ്മിഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.
ചിത്രത്തിലെ ഐറ്റം സോങ്ങിലെ ദൃശ്യങ്ങളും വരികളും അങ്ങേയറ്റം അശ്ലീലമാണെന്നാരോപിച്ച് വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്. ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ ഭാരതീയ ന്യായ സംഹിത, ഐ.ടി. ആക്ട് എന്നിവയുടെ ലംഘനമാണെന്ന് വനിതാ കമ്മിഷൻ വിലയിരുത്തിയിരുന്നു. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഗാനത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ നിന്ന് നീക്കം ചെയ്തിരുന്നു.
Story Summary: Actress Nora Fatehi appeared before the National Commission for Women (NCW) regarding the controversial song ‘Sarke Chunar’ from the Kannada movie ‘KD: The Devil’. She submitted a written apology and committed to supporting orphaned girls. Previously, Sanjay Dutt also appeared in the same case and pledged to fund the education of 50 tribal girls. The NCW took suo motu action against the song for its allegedly derogatory and sexualized content.

