മുംബൈ: ഇതിഹാസ ഗായിക ആശാ ഭോസ്ലെയെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് ഗായികയെ ആശുപത്രിയിലെത്തിച്ചത്. ആശാ ഭോസ്ലെക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് ആദ്യം ചില റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, അവ തെറ്റാണെന്ന് കുടുംബം വ്യക്തമാക്കി.(Asha Bhosle in hospital, Health condition reportedly improving)
കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും കാരണമാണ് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കൊച്ചുമകൾ സനായ ഭോസ്ലെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ആശാ ഭോസ്ലെയുടെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടുവരികയാണെന്നും അവർ സുഖം പ്രാപിക്കുന്നുവെന്നും ഗായികയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
ഗായികയുടെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതർ ഇതുവരെ ഔദ്യോഗിക ബുളളറ്റിൻ പുറത്തിറക്കിയിട്ടില്ല. എന്നിരുന്നാലും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ വേഗത്തിൽ സുഖം പ്രാപിക്കുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.

