
തിരുവനന്തപുരം: വയനാട് ദുരന്ത സഹായം വൈകുന്നതില്‍ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Wayanad landslides).കേരളം കണക്ക് നൽകാത്തത് കൊണ്ടാണ് കേന്ദ്രം സഹായം അനുവദിക്കാത്തത് എന്ന വാദം തെറ്റാണെന്നും , കേന്ദ്ര മന്ത്രി അമിത് ഷാ ഇത് പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം കേരളത്തിന് ഒരു രൂപ പോലും നൽകിയിട്ടില്ല. പ്രധാനമന്ത്രി വയനാട്ടിൽ വന്നു പോയിട്ട് നൂറു ദിവസം കഴിഞ്ഞു. പ്രധാനമന്ത്രി വന്നപ്പോൾ തന്നെ കേരളം ആവശ്യങ്ങൾ ഉന്നയിച്ചു. പിന്നാലെ ഇനം തിരിച്ചു തയാറാക്കി വിശദമായ മെമ്മോറാണ്ടാം നൽകി.നേരത്തെ നൽകിയ മെമ്മോറാണ്ടത്തിനു പുറമെ പിഡിഎൻഎ പ്രകാരം ആവശ്യം ഉന്നയിച്ചു. പിഡിഎൻഎ മെമ്മോറാണ്ടം തയാറാക്കാൻ കേരളം കുറഞ്ഞ സമയം മാത്രമാണ് എടുത്തത്. 583 പേജുള്ള പഠന റിപ്പോർട്ട് ആണ് കേരളം നൽകിയത്. പിഡിഎൻഎ തയാറാക്കാൻ വൈകി എന്ന കേന്ദ്ര വാദം തെറ്റാണ്- മുഖ്യമന്ത്രി പറഞ്ഞു.
പിഡിഎൻഎ തയാറാക്കാൻ ചുരുങ്ങിയത് മൂന്നു മാസം വേണം. 2023 ഒക്ടോബറില്‍ സിക്കിമിലും 2023 ജനുവരിയില്‍ ഉത്തരാഖണ്ഡിലും 2023 ജൂലൈയില്‍ ഹിമാചലിലും ദുരന്തം ഉണ്ടായപ്പോള്‍ പിഡിഎന്‍എ തയാറാക്കിയത് മൂന്നു മാസം കഴിഞ്ഞാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ വയനാടിന്റെ അത്ര തീവ്രത ഇല്ലാത്ത ദുരന്തം ഉണ്ടായപ്പോള്‍ വളരെ വേഗത്തിലാണ് സഹായം ലഭ്യമാക്കിയത്. അതേ കേന്ദ്രസര്‍ക്കാരാണ് കേരളത്തോട് അവഗണന കാണിക്കുന്നത്.സാധാരണ നിലയ്ക്ക് കിട്ടുന്ന ഫണ്ട് മാത്രമാണ് ഉള്ളത്. ദുരന്തഘട്ടത്തില്‍ 588.95 കോടി രൂപയാണ് എസ്ഡിആര്എഫില് ബാക്കി ഉണ്ടായിരുന്നത്. വയനാടിനായി പ്രത്യേകം ഫണ്ട് കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.