
കണ്ണൂര്‍: സ്കൂള്‍ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം (Kannur School Bus Accident). കണ്ണൂര്‍ വളക്കൈയിൽ ഇന്ന് വൈകുന്നേരം നാലിനായിരുന്നു അപകടം. ചെറുക്കള നാഗത്തിനു സമീപം എം.പി.രാജേഷിന്റെ മകൾ നേദ്യ എസ്.രാജേഷ് (11) ആണ് മരിച്ചത്. തളിപ്പറമ്പ് ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് നേദ്യ. ശ്രീകണ്ഠാപുരം – തളിപ്പറമ്പ് റോഡിൽ വളക്കൈ പാലത്തിന് സമീപത്തുവച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. . ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണം വിട്ട ബസ് പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്ഠാപുരം – തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.നേദ്യയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.