
പാലക്കാട്: പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ നേതൃത്വവുമായി ഇടഞ്ഞ ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേർന്നു (Sandeep Varier). കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. അതേസമയം , സന്ദീപിനായി വൻ സ്വീകരണമാണ് പാലക്കാട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് ഒരുക്കിയത്.
ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. പ്രചരണ രംഗത്ത് അദ്ദേഹം സജീവമല്ലാതായതോടെ പാര്‍ട്ടി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. നേരത്തെ , പാലക്കാട് സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നിരന്തരം അപമാനിച്ചതായി സമൂഹമാധ്യമങ്ങളിലൂടെ വൈകാരികമായി സന്ദീപ് വാര്യർ പറഞ്ഞിരുന്നു. എന്നാൽ ഇതിനിടയില്‍ സി.പി.ഐലേക്ക് പോകുന്നുവെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് സന്ദീപ് കോൺഗ്രസിലേക്ക് എത്തുന്നത്.