
കണ്ണൂര്‍: എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി കോടതി തള്ളി (ADM Naveen Babu Death).നവീൻ ബാബുവിന്റെ ഭാര്യ നൽകിയ ഹർജിയാണ് കോടതി തീർപ്പാക്കിയത്.എസ്‌ഐടിയുടെ അന്വേഷണം കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ മേല്‍നോട്ടത്തിലാകണം, റേഞ്ച് ഡിഐജിയുടെ അനുമതിയോടെ മാത്രമേ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പാടുള്ളൂ എന്നീ നിര്‍ദേശങ്ങളോടെയാണ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കോടതി തള്ളിയത്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് വിധി പറഞ്ഞത്. അതേസമയം , ഹൈക്കോടതി വിധി തൃപ്തികരമല്ലെന്ന് അറിയിച്ച മഞ്ജുഷ, അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കി.
ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി.ദിവ്യയാണ് ആത്മഹത്യാപ്രേരണക്കേസിലെ പ്രതി. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിച്ച് ദിവ്യ പ്രസംഗിച്ചിരുന്നു. പിറ്റേന്ന്, ഒക്ടോബര്‍ 15-ന് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സിലാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.