
മലപ്പുറം: നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു (Nipah in Malappuram). ബംഗളുരുവിൽ നിന്നെത്തി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണപ്പെട്ട 24-കാരന്റെ സെപ്റ്റംബര്‍ നാലു മുതല്‍ എട്ടുവരെയുള്ള ദിവസങ്ങളിലെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. നിലമ്പൂർ പോലീസ് സ്റ്റേഷൻ, വണ്ടൂർ നിംസ്, പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളജ്, ഫാസിൽ ക്ലിനിക്ക്, ജെ.എം.സി.ക്ലിനിക് എന്നിവിടങ്ങളിൽ യുവാവ് എത്തിയാതായി റൂട്ട് മാപ്പിൽ വ്യക്തമാക്കുന്നു. ഇതിനു പുറമെ പാരമ്പര്യ വൈദ്യൻ ബാബുവുമായും യുവാവ് സമ്പർക്കം പുലർത്തിയിട്ടുണ്ട്.
മലപ്പുറം നിപ കണ്ട്രോള് സെല്ലാണ് റൂട്ട് മാപ്പ് പുറത്തിറക്കിയത്. മരണപ്പെട്ട യുവാവ് ഇവിടെ വന്നപ്പോൾ ഉണ്ടായിരുന്ന എല്ലാവരും നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം , വീണ്ടും നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിൽ ജാഗ്രത ശക്തമാക്കി. മാസ്ക് നിർബന്ധമാക്കിയതടക്കമുള്ള നിരവധി നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിപയുടെ പശ്ചാത്തലത്തിൽ മലപ്പുറത്ത് കൺട്രോൾ റൂമടക്കം തുറന്നിട്ടുണ്ട്.
0483 273 2010, 0483 273 2060 എന്നീ നമ്പരുകളിൽ വിളിച്ചാൽ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.