
ചെന്നൈ: മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ നിരവധി വെളിപ്പെടുത്തലുകളും വിവാദങ്ങളും ഉണ്ടായിരുന്നു . ഇപ്പോളിതാ തമിഴ് സിനിമയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് തടയിടാൻ സിനിമാ പ്രവർത്തകരുടെ സംഘടനയായ നടികർ സംഘം രംഗത്ത് വന്നിരിക്കുകയാണ് (Nadigar Sangam). സിനിമാ മേഖലയിലെ അതിക്രമത്തെക്കുറിച്ച് പരാതി നൽകാൻ താരസംഘടനയായ നടികർ സംഘം കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്. തെന്നിന്ത്യൻ നടി രോഹിണിയാണ് കമ്മറ്റിയുടെ അധ്യക്ഷ . 2019 മുതൽ താരസംഘടനായായ നടികർസംഘത്തിൽ ആഭ്യന്തര സമിതി പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രവർത്തനം സജീവമായിരുന്നില്ല.ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് സംഘടന പുതിയ തീരുമാനങ്ങളുമായി രംഗത്ത് എത്തിയത് . തുടർന്നാണ് കഴിഞ്ഞ ആഴ്ച ചേർന്ന യോഗത്തിൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ സമിതിയെ നിയോഗിച്ചത്.
അതേസമയം , പരാതിണ്ടെങ്കിൽ സ്ത്രീകൾ ധൈര്യമായി മുന്നോട്ട് വരണമെന്ന് കമ്മറ്റി അധ്യക്ഷ രോഹിണി അഭ്യര്‍ഥിച്ചു. ലൈംഗികാതിക്രമം സംബന്ധിച്ച പരാതിയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ സിനിമയില്‍ നിന്ന് വിലക്കാനാണ് നടികർ സംഘത്തിന്റെ തീരുമാനം. കുറ്റം തെളിഞ്ഞാൽ അഞ്ച് വര്‍ഷത്തേക്ക് സിനിമയിൽ നിന്നും വിലക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് ശുപാര്‍ശ ചെയ്യാനാണ് നടികര്‍ സംഘം പ്രസിഡന്റ് നാസറിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ചെന്നൈയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. ഫോണിലൂടെയും ഇ-മെയിലിലൂടെയും പരാതി നല്‍കാം. പരാതി നല്‍കിയവര്‍ ഈ വിഷയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുതെന്നും വ്യക്തമാക്കി.