
തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസ്സിലെ എത്തിയ സന്ദീപ് വാര്യർക്ക് (Sandeep Varier) നേരെ ഒളിയമ്പുമായി കോൺഗ്രസ്സ് നേതാവും എംപിയുമായ കെ . മുരളീധരൻ (K. Muraleedharan ). അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും വെറുപ്പിൻ്റെ കടയിൽ അംഗത്വം തേടി പോകരുതെന്നും സ്നേഹത്തിൻ്റെ കടയിൽ തന്നെ അംഗത്വം നിലനിർത്തണമെന്നുമായിരുന്നു കെ.മുരളീധരൻ പറഞ്ഞത്.
'സന്ദീപ് വാര്യർ കോൺഗ്രസിലേയ്ക്ക് എത്തിയെന്ന വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും, അതെന്തായാലും നല്ല കാര്യമാണ്. പലരും കോൺഗ്രസ് വിടുമെന്ന് പറയുമ്പോൾ പകരം ഒരു വാര്യരെ കിട്ടിയത് നല്ല കാര്യമാണ് എന്നും മുരളീധരൻ പറഞ്ഞു.അദ്ദേഹം രണ്ടാഴ്ച മുൻപ് വന്നിരുന്നെങ്കിൽ വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണത്തിനെങ്കിലും പോകാമായിരുന്നു. രാഹുൽ ഗാന്ധിയെ ഒക്കെ ശക്തമായി വിമർശിച്ചിരുന്ന ആളാണ്. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ ഞാൻ ഒക്കെ ഒപ്പമുണ്ടായിരുന്നു. കാശ്മീരിലേയ്ക്കല്ല, ആൻഡമാൻ നിക്കോബാറിലേയ്ക്ക് യാത്ര വേണ്ടതെന്നും അവിടെ സവർക്കറെ തടവിൽ പാർപ്പിച്ച മുറിയിൽപ്പോയി നമസ്കരിച്ച് ക്ഷമാപണം നടത്തണമെന്നൊക്കെ പറഞ്ഞ ആളാണ് സന്ദീപ് വാര്യർ-എന്നും മുരളീധരൻ പറഞ്ഞു.
രാഹുൽ ഗാന്ധിയെ കോട്ടയ്ക്കലിൽ അഡ്മിറ്റ് ചെയ്തപ്പോൾ, കോട്ടയ്ക്കൽ അല്ല കുതിരവട്ടത്താണ് അഡ്മിറ്റ് ചെയ്യേണ്ടതെന്ന് പറഞ്ഞയാളാണ് അദ്ദേഹം. അങ്ങനെയുള്ള സന്ദീപ് വാര്യർ രണ്ടാഴ്ച മുൻപ് വന്ന് പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്തിയിരുന്നെങ്കിൽ അത് രാഹുൽ ഗാന്ധിയോട് ചെയ്ത തെറ്റിനൊരു ക്ഷമാപണം ആയേനെ'- എന്നുംകെ.മുരളീധരൻ പറഞ്ഞു.