
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. 92 വയസ്സായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്ത ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ ആരോഗ്യ നില അതീവ ഗുരുതരമാകുകയും, മരണം സംഭവിക്കുകയായിരുന്നു.(Former Prime Minister Manmohan Singh passed away)
ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രധാനമന്ത്രിയായി 2004 മെയ് 22 ന് അധികാരമേറ്റ മന്‍മോഹന്‍ സിങ് 2009 ല്‍ വീണ്ടും പാർട്ടി അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രി പദവിയില്‍ തുടർന്നു. 1991-1996 കാലഘട്ടത്തിൽ അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ധനമന്ത്രിയായി സേവനമനുഷ്ഠിച്ചുകൊണ്ട് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ മന്‍മോഹന്‍ സിങ് നടത്തിയ സാമ്പത്തിക പരിഷ്കരാങ്ങളാണ് രാജ്യ പുരോഗതിയില്‍ നിർണ്ണായകമായത്. 1991 മുതൽ രാജ്യസഭാംഗമായ മന്‍മോഹന്‍ സിങ് 1998 മുതൽ 2004 വരെ സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ രാജ്യസഭാഗംത്വം ഒഴിഞ്ഞതിന് ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് രാഷ്ട്രീയത്തിലെത്തിയത്. ഒടുവിൽ 2004 മേയ് 22 ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലുമെത്തി. സിഖ്‌മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തിൽ നിന്നുമല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയും കൂടെയാണ് മൻമോഹൻ സിങ്. ഇടതുപക്ഷകക്ഷികളുടെ പിന്തുണയോടെയായിരുന്നു ഇദ്ദേഹത്തിന്റെ സർക്കാർ നിലവിൽ വന്നത്. എന്നാൽ അമേരിക്കയുമായുള്ള ആണവക്കരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് 2008 ജൂലൈ 22-ന് മൻമോഹൻ സർക്കാർ ലോക്സഭയിൽ വിശ്വാസവോട്ട് തേടി. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടു കൂടി സർക്കാർ വിശ്വാസവോട്ട് അതിജീവിക്കുകയും ചെയ്തു.
1932 സെപ്തംബർ 26 ന് ഗുർമുഖ് സിംഗിന്റേയും അമൃത് കൗറിന്റേയും മകനായാണ് മൻമോഹൻ ജനിച്ചത് .പടിഞ്ഞാറൻ പഞ്ചാബിലെ ഗാഹ് എന്ന ഗ്രാമത്തിലായിരുന്നു ഈ കുടുംബം ജീവിച്ചിരുന്നത്. 1947 ലെ ഇന്ത്യാ വിഭജനത്തിനുശേഷം ഈ പ്രദേശം ഇപ്പോൾ പാകിസ്താന്റെ ഭാഗമാണ്. ഇന്ത്യാ വിഭജനത്തിനുശേഷം ഗുർമുഖിന്റെ കുടുംബം അമൃത്സറിലേക്ക് കുടിയേറി. തുടർന്ന് മൻമോഹൻ വളർന്നത് അമൃത്സറിലായിരുന്നു. വളരെ ചെറുപ്പത്തിലെ അമ്മ മരിച്ചു പോയതിനാൽ അച്ഛ്റെ അമ്മയാണ് മൻമോഹനെ വളർത്തിയത്. പഠനത്തിൽ മിടുക്കനായിരുന്നതുകൊണ്ട് സ്കോളർഷിപ്പുകൾ നേടിയാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം ഉന്നത പഠനത്തിനായി പഞ്ചാബ് സർവ്വകലാശാലയിൽ ചേർന്നു. അവിടെ നിന്നും ഉന്നത മാർക്കോടെ എം.എ പാസ്സായി. 1954 ൽ പി.എച്ച്.ഡി പഠനത്തിനായി കേംബ്രിഡ്ജ് സർവ്വകലാശാലയിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു. ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള റൈറ്റ്സ് പുരസ്കാരവും, ആദം സ്മിത്ത് പുരസ്കാരവും നേടിയാണ് മൻമോഹൻ സിങ് സർവ്വകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
മൻമോഹൻ സിങ് 1958 ലാണ് വിവാഹിതനാവുന്നത്. ഗുർശരൺ കൗർ ആണ് ഭാര്യ. മൂന്ന് പെൺകുട്ടികളാണ് ഈ ദമ്പതികൾക്ക്. ഉപീന്ദർ സിങ്, ദാമൻ സിങ്, അമൃത് സിങ്. ഡൽഹി സർവ്വകലാശാലയിൽ ചരിത്രാദ്ധ്യാപികയാണ് ഉപീന്ദർസിങ്. ആറോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ദാമൻ സിങ്, ഡൽഹിയിലെ സെന്റ്.സ്റ്റീഫൻസ് കോളേജിൽ നിന്നുമാണ് ബിരുദം കരസ്ഥമാക്കിയത്. അമൃത് സിങ്, അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനിൽ സ്റ്റാഫ് അറ്റോർണിയായി ജോലി ചെയ്യുന്നു.