
ന്യൂഡൽഹി: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന( Sheikh Hasina)യെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് നയതന്ത്ര കത്തെഴുതി ബംഗ്ലാദേശ് ഇടക്കാല സർക്കാർ. അതേസമയം , കത്തിന് മറുപടി നൽകാൻ ഇന്ത്യ തയ്യാറായിട്ടില്ല. ബംഗ്ളാദേശിൽ ഭരണം നഷ്ടപ്പെട്ടതിനെ തുടർന്ന് ,കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഇന്ത്യയിൽ താമസിക്കുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചുകൊണ്ടാണ് കത്ത് അയച്ചിരിക്കുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ വിദേശകാര്യ മന്ത്രാലയം തയ്യാറായിട്ടില്ല..
അതേസമയം , ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹുസൈനും ഇക്കാര്യം സ്ഥിരീകരിച്ചു. ജുഡീഷ്യൽ നടപടികൾക്കായി ഹസീനയെ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധാക്ക ആസ്ഥാനമായുള്ള ഇൻ്റർനാഷണൽ ക്രിമിനൽ ട്രിബ്യൂണൽ (ഐസിടി) ഷെയ്ഖ് ഹസീനയ്ക്കും നിരവധി മുൻ കാബിനറ്റ് മന്ത്രിമാർ, ഉപദേശകർ, സൈനിക, സിവിലിയൻ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ജുഡീഷ്യൽ നടപടികളുടെ ഭാഗമായി ഷെയ്ഖ് ഹസീന ധാക്കയിലേക്ക് മടങ്ങണമെന്ന് ബംഗ്ലാദേശ് ആഗ്രഹിക്കുന്നു. അതിനാൽ ഞങ്ങൾ ഇന്ത്യൻ സർക്കാരിന് ഒരു കുറിപ്പ് (നയതന്ത്ര സന്ദേശം) അയച്ചിട്ടുണ്ട്, "തൗഹിദ് ഹുസൈൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.