
കോഴിക്കോട്: അർജുന് വിട പറഞ്ഞ് കണ്ണാടിക്കൽ ഗ്രാമം. ഉറ്റവര്‍ക്കൊപ്പം തികച്ചും സാധാരണക്കാരനായ ഈ യുവാവിന് അന്ത്യാഞ്ജലി അർപ്പിച്ചത് ഒരു നാട് മുഴുവനുമാണ്.(Arjun's funeral updates )
നേരത്തെ അറിയിച്ചത് സംസ്ക്കാര ചടങ്ങുകൾ രാവിലെ 11ന് നടത്തുമെന്നായിരുന്നെങ്കിലും, അർജുനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ നിര നീളുകയായിരുന്നു. ഇതോടെയാണ് ചിതയിലേക്ക് എടുക്കാന്‍ സമയം പിന്നെയും നീണ്ടത്. വീടിന് സമീപത്തായി ഒരുക്കിയ ചിതയില്‍ മതാചാരപ്രകാരം തീ കൊളുത്തിയത് അര്‍ജുൻ്റെ അനിയനാണ്.
അർജുന് കാര്‍വാര്‍ എം എല്‍ എ സതീഷ് സെയില്‍, ഈശ്വര്‍ മല്‍പെ, എം കെ രാഘവന്‍ എം പി, ഷാഫി പറമ്പില്‍ എം പി, മന്ത്രിമാരായ എകെ ശശീന്ദ്രന്‍, കെ ബി ഗണേഷ് കുമാര്‍, എം എല്‍ എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെ എം സച്ചിന്‍ ദേവ്, ലിൻറോ ജോസഫ് , മേയര്‍ ബീന ഫിലിപ്പ്, എ പ്രദീപ് കുമാര്‍, പി കെ. ഫിറോസ് തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു.
ശനിയാഴ്ച്ച രാവിലെ ആറോടെ അഴിയൂരിൽ എത്തിയ ആംബുലസിൽ നിന്ന് അർജുൻ്റെ മൃതദേഹം ഏറ്റുവാങ്ങിയത് മന്ത്രി എ കെ ശശീന്ദ്രന്‍, എം എല്‍ എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെ കെ രമ, ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ തുടങ്ങിയവരായിരുന്നു.
അവസാനമായി പ്രിയപ്പെട്ടവൻ്റെ മുഖമൊന്ന് കാണാനാകാതെ ഭാര്യയും, മകൻ്റെ വേർപാടിൽ അമ്മയും മരവിക്കുമ്പോൾ അർജുൻ അന്ത്യവിശ്രമത്തിലാണ്. വൈകുന്നേരം നടക്കുന്ന അനുശോചന യോഗത്തിൽ നാട്ടിലെ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍, ക്ഷേത്രപ്രതിനിധികള്‍, പള്ളിക്കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുക്കും.