
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുൻ്റെ ലോറി കണ്ടെത്തി. തകർന്ന നിലയിലുള്ള ലോറിയുടെ കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു.(Arjun mission updates)
മൃതദേഹ ഭാഗം പുറത്തെടുത്തത് ക്യാബിനിൽ എസ് ഡി ആർ എഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ്. ഇത് ബോട്ടിലേക്ക് മാറ്റി. ഈ ഭാഗം വിദഗ്ധ പരിശോധനക്കായി അയക്കും.
മൃതദേഹം പുറത്തെടുത്തത് എസ് ഡി ആർ എഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ്. സുരക്ഷിതമായി മൃതദേഹ ഭാഗം പുറത്തെടുക്കാനുള്ള ശ്രമം വിജയം കാണുകയായിരുന്നു.
2 മാസത്തിലേറെ വെള്ളത്തിൽ കിടന്നു എന്നതിനാൽ തന്നെ അഴുകിയ നിലയിലാണ് മൃതദേഹ ഭാഗമുള്ളത്. ലോറി കണ്ടെടുത്തത് സിപി 2വിൽ നിന്നാണ്. 12 മീറ്റർ ആഴത്തിലായിരുന്നു ലോറിയുണ്ടായിരുന്നത്.
ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് ഇന്ന് 71ാം ദിനത്തിലാണ് അർജുൻ്റെ ലോറി കണ്ടെത്തിയിരിക്കുന്നത്. അതിനായി പരിശ്രമിച്ച മുങ്ങൽ വിദഗ്ധരുൾപ്പെടെയുള്ള സംഘങ്ങളുടെ കഠിന പ്രയത്‌നത്തിനാണ് ഫലമുണ്ടായിരിക്കുന്നത്.