
തിരുവനന്തപുരം: നടി ചാർമിള സംവിധായകന്‍ ഹരിഹരനെതിരെ നടത്തിയ വെളിപ്പെടുത്തൽ ശരിവച്ച് നടന്‍ വിഷ്ണു രംഗത്ത്. അദ്ദേഹം സ്ഥിരീകരിച്ചത് ചാര്‍മിള അഡ്ജസ്റ്റ്‌മെൻറിന് തയ്യാറാകുമോയെന്ന് ഹരിഹരന്‍ ചോദിച്ചതായാണ്.
സംവിധായകൻ ഇക്കാര്യം ചോദിച്ചത് പരിണയം സിനിമയുടെ ചര്‍ച്ചയ്ക്കിടെയാണ് എന്ന് പറഞ്ഞ വിഷ്ണു, സീനിയര്‍ സംവിധായകൻ്റെ ചോദ്യം കേട്ട് താനും ചാര്‍മിളയും ഞെട്ടിപ്പോയെന്നും വ്യക്തമാക്കി. തൻ്റെ അയൽവാസിയായ ഹരിഹരൻ പുതിയ സിനിമയിലേക്കായി ഏതെങ്കിലും കുട്ടിയെ അറിയാമോയെന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാർമിളയുടെ പേര് പറഞ്ഞതെന്ന് പറഞ്ഞ
നടൻ, താൻ പറഞ്ഞതിനാൽ ചാർമിള സംവിധായകനെപ്പോയി കണ്ടുവെന്നും, കഥാപാത്രത്തിന് ആൾ ഓക്കെ ആണെന്ന് അറിയിച്ചെന്നും കൂട്ടിച്ചേർത്തു.
അതിനുശേഷമാണ് ഹരിഹരൻ തന്നെ വിളിച്ച് അത്തരത്തിൽ സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിഹരൻ ചോദിച്ചത് 'അവര്‍ വഴങ്ങുമോ' എന്നാണ് എന്ന് പറഞ്ഞ നടൻ, ചാര്‍മിളയോട് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിക്കാൻ ആവശ്യപ്പെട്ടതായും വെളിപ്പെടുത്തി. എന്നാൽ, ചാർമിള പറ്റില്ലെന്ന് പറയുകയും, ഇക്കാര്യം ഹരിഹരനെ അറിയിക്കുകയും ചെയ്തതോടെ ആ അവസരം നഷ്ടമായി.
അഡ്ജസ്റ്റ്‌മെൻറിന് തയ്യാറല്ലാത്തവര്‍ തൻ്റെ സിനിമയില്‍ വേണ്ടെന്ന് പറഞ്ഞ് ചാർമിളയെ ആ സിനിമയിൽ നിന്ന് അയാൾ ഒഴിവാക്കിയെന്നും, തനിക്കും അവസരം നഷ്ടമായെന്നും വിഷ്ണു വെളിപ്പെടുത്തി.
നടി ചാർമിള മലയാള സിനിമാ മേഖലയിലെ 28 പേര്‍ തന്നോട് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയിരുന്നു. സംവിധായകരും നിർമാതാക്കളും നടന്മാരും മോശമായി പെരുമാറിയിട്ടുണ്ട് എന്നും, നിര്‍മ്മാതാവ് എം പി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നും അവർ ആരോപിച്ചു.