
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് അധ്യാപകരും , ഹയർസെക്കണ്ടറി അധ്യാപകരുമടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപ്പന്നെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് (Social Welfare Pension). സംസ്ഥാന ധനവകുപ്പിന്റെ നിർദ്ദേശമനുസരിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്ത് വന്നത്.കോളേജ് അസി. പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇവരിൽ ഗസറ്റഡ് ഉദ്യോഗസ്ഥറം ഉൾപ്പെടുന്നു.
ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതെന്നാണ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. 373 പേരാണ് ആരോഗ്യവകുപ്പിൽ നിന്നും അനധികൃതമായി പെൻഷൻ കൈപ്പറ്റുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്- 224 പേര്‍. മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയൂര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും പൊതുമരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരാണ്.
ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്ന രണ്ട് അസി. പ്രൊഫസര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ കോളേജിലാണ് ജോലിചെയ്യുന്നത്. ഒരാള്‍ പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ കോളേജിലും ജോലിചെയ്യുന്നു. ഹയര്‍ സെക്കന്‍ഡറി അധ്യാപകരായ മൂന്നുപേരും പെൻഷൻ കൈപ്പറ്റുന്നവരുടെ ലിസ്റ്റിലുണ്ട്..
അതേസമയം , അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക, പലിശയടക്കം തിരിച്ചുപിടിക്കാന്‍ ധനവകുപ്പ് നിര്‍ദേശം നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാനും ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ നിര്‍ദേശമുണ്ട്.