
സിംബാബ്‌വെയിലെ ഒരു ട്രക്ക് ഡ്രൈവർ വാഹനമോടിക്കുന്നതിനിടെയിൽ ഏകദേശം 2 മിനിറ്റോളം ഉറങ്ങിപ്പോകുകയും വാഹനം അപകടത്തിൽപെടുകയും ചെയ്യുന്നതിന്റെ അവിശ്വസനീയമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു(Truck veers off the road). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @KreatelyMedia എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ബുലവായോയ്ക്ക് സമീപമാണ് നടന്നത്. ദൃശ്യങ്ങളിൽ, ഓടുന്ന ട്രക്കിൽ ഇരുന്ന് ഉറങ്ങുന്നത് കാണാം. എതിരെ വരുന്ന രണ്ട് ട്രക്കുകളുടെയും ഒരു കാറിന്റെയും മീറ്ററുകൾക്കുള്ളിൽ അത് കടന്നുപോകുന്നു.
വാഹനത്തിന്റെ ക്ഷീണ മുന്നറിയിപ്പ് സംവിധാനം ഡ്രൈവറോട് വിശ്രമിക്കാൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും, അയാൾ നിർത്താതെ വണ്ടി ഓടിക്കുകയാണ്. ഒരു ഘട്ടത്തിൽ, അയാൾ കണ്ണുകൾ തുറക്കുന്നുണ്ടെങ്കിലും വീണ്ടും ഉറങ്ങിപ്പോകുന്നുണ്ട്. ഇതോടെ ട്രക്ക് റോഡിൽ നിന്ന് അപകടകരമായി തെന്നിമാറി അപകടത്തിൽപെടുകയായിരുന്നു. വാഹനത്തിന്റെ ഡാഷ്‌കാമിൽ പതിഞ്ഞ ഞെട്ടിക്കുന്ന നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.