

ഭൂമിയെയും മനുഷ്യരാശിയെയും ഒരുപോലെ കാർന്നുതിന്നാൻ കെൽപ്പുള്ള ഒരു വിപത്ത് തന്നെയാണ് പ്ലാസ്റ്റിക്ക്. ആവശ്യം കഴിഞ്ഞ് നാം വലിച്ചെറിയുന്ന ഇവ പേപ്പർ പോലെയോ ഭക്ഷ്യവസ്തുക്കൾ പോലെയോ മണ്ണിൽ അലിഞ്ഞ് ചേരുന്നില്ല. കാലാകാലങ്ങളോളം മണ്ണിൽ തന്നെ കിടന്ന് ഇവ ഭൂമിക്ക് ഏറ്റവും വലിയ ഭീഷണിയാകുന്നു.(Plastic eating worms have been found in Africa)
മറ്റെന്ത് വിപത്തിനെപ്പോലെയും പ്ലാസ്റ്റിക്കും മനുഷ്യനിർമ്മിതിയാണ് ! മണ്ണിൽ മാത്രമല്ല ജലത്തിലും വൻ പ്ലാസ്റ്റിക്ക് നിക്ഷേപം നാം വരുത്തിവച്ചിട്ടുണ്ട്. ജലജീവികൾക്ക് അതുണ്ടാക്കുന്ന ദോഷങ്ങൾ ചില്ലറയല്ല.
പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനം നാം നടത്തുന്നുണ്ടെങ്കിലും, അതും വലിയ കാര്യക്ഷമമല്ലാതെ വന്നപ്പോൾ അതിനും സഹായമേകാൻ നാം നശിപ്പിക്കാൻ ശ്രമിക്കുന്ന പ്രകൃതി തന്നെ കനിയേണ്ടി വന്നു. ഇത്തിരിക്കുഞ്ഞന്മാരായ പുഴുക്കൾ നമുക്ക് എന്തെങ്കിലും രീതിയിൽ ഉപയോഗപ്പെടുമെന്ന് മനുഷ്യർ കരുതിയിരുന്നോ ?
അത്തരത്തിൽ ഒരു പുഴുവിനെ കണ്ടെത്തിയതാണ് ഇപ്പോൾ പറഞ്ഞറിയിക്കാനാകാത്ത പ്രതീക്ഷകൾ നൽകുന്നത്. ആഫ്രിക്കൻ സ്വദേശിയെന്ന് പറയാവുന്ന ഇവൻ ഇപ്പോൾ ഭൂമിയിലെങ്ങും വ്യാപിച്ച് കഴിഞ്ഞു.
ആൽഫിറ്റോബിയസ് ജനുസ്സിൽപ്പെട്ട വണ്ടുകളുടെ ലാർവ്വയ്ക്ക് പ്ലാസ്റ്റിക്ക് തരംതിരിക്കാനും, അവ ഭക്ഷിച്ച് ദഹിപ്പിക്കാനും കഴിയുമെന്നാണ് കെനിയയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയിൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മലിനീകരണമുള്ള രണ്ടാമത്തെ ഭൂഖണ്ഡമാണ് ആഫ്രിക്ക. പോളിസ്റ്റൈറീൻ എന്ന പ്രത്യേക തരം പ്ലാസ്റ്റിക്കിനെ ഇവയ്ക്ക് ദഹിപ്പിക്കാൻ കഴിയും.
ഈ ഇനം പുഴുക്കളെ ആദ്യമായാണ് കണ്ടെത്തുന്നത്. ഗവേഷണത്തിന്‍റെ ഭാഗമായി ലാർവകള്‍ക്ക് നല്‍കിയ പോളിസ്റ്റൈറിന്‍റെ 50 ശതമാനം വരെ അവ ഭക്ഷിച്ചതായി ഗവേഷകർ നിരീക്ഷിച്ചു. ഈ പുഴുക്കളുടെ കുടലിലെ ബാക്റ്റീരിയകള്‍ക്ക് പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന പോളിമറുകളെ വേർതിരിക്കാൻ സാധിക്കും.
ക്ലുവേര (Kluyvera), ലാക്ടോകോക്കസ് (Lactococcus), ക്ലെബ്സിയെല്ല (Klebsiella) എന്നീ സൂക്ഷ്മജീവികൾ പോളിസ്റ്റൈറീൻ ആഗിരണം ചെയ്യുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. പ്ലാസ്റ്റിക് ആഗിരണം ചെയ്യുന്നതിനാവശ്യമായ എന്‍സൈമുകള്‍ ഇവ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഭാവിയിൽ ഇതൊരു മുതൽക്കൂട്ടായേക്കുമെന്നാണ് ഗവേഷകർ കരുതുന്നത്.
നമ്മുടെ ഭൂമിക്ക് ശുദ്ധമായൊന്നുറങ്ങാൻ ഭൂമി തന്നെ മാർഗ്ഗങ്ങൾ നൽകുമ്പോൾ അവയെ പരമാവധി പ്രയയോജനപ്പെടുത്താനല്ലേ നാം ശ്രമിക്കേണ്ടത് ?