ജനുവരി 24: ഇന്ന് ദേശീയ ബാലിക ദിനം | National Girl Child Day 2025

2008 മുതലാണ് ഇന്ത്യ ദേശീയ ബാലിക ദിനം ആചരിച്ച് തുടങ്ങിയത്
ജനുവരി 24: ഇന്ന് ദേശീയ ബാലിക ദിനം | National Girl Child Day 2025
Published on

ല്ലാ വർഷവും ജനുവരി 24 ഇന്ത്യ ദേശീയ ബാലിക ദിനമായി ആചരിക്കുന്നു. നമ്മുടെ സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കുവാനും അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവൽക്കരിക്കാനും, ഓരോ പെൺകുട്ടിയെയും  ശാക്തീകരിക്കേണ്ടതിന്‍റെ ആവശ്യകതയുമാണ് ഓരോ ബാലിക ദിനവും മുന്നോട്ടു വയ്ക്കുന്നത്.(National Girl Child Day 2025)

2008 മുതലാണ് ഇന്ത്യ ദേശീയ ബാലിക ദിനം ആചരിച്ച് തുടങ്ങിയത്. സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും പെൺകുട്ടികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാലിക ദിന ആചരണം ആരംഭിക്കുന്നത്. സാമൂഹിക തിന്മകൾക്ക് എതിരെയുള്ള ശക്തമായ ശബ്ദമായി പെൺകുട്ടികളെ വളർത്തിയെടുക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. പെൺ ഭ്രൂണഹത്യ, ലിംഗ വിവേചനം തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ആരംഭിച്ച ഈ ദിനം, പെൺകുട്ടികളുടെ ലിംഗാനുപാതം മെച്ചപ്പെടുത്തുക, പെൺകുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ സംരംഭങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഒരു വേദിയായി പരിണമിക്കുകയായിരുന്നു.

ദേശീയ വനിതാ ശിശു വികസന മന്ത്രാലയമാണ് ബാലിക ദിനാചരണത്തിന് തുടക്കം കുറിക്കുന്നത്. ലിംഗപരമായ അസമത്വങ്ങൾ ഇല്ലാതെ അനീതിയും അക്രമവും ഇല്ലാത്ത ജീവിതത്തിൽ എല്ലാ വിധ സ്വാതന്ത്ര്യവും അനുഭവിക്കുവാനും, പുതിയ പാതകളിലൂടെ മുന്നേറുവാനും ബാലിക ദിനം ഓരോ പെൺകുട്ടിക്കും പ്രചോദനം നൽകുന്നു.

നമ്മുടെ രാജ്യം എല്ലാ വർഷവും ബാലിക ദിനം ആചരിക്കുമ്പോൾ, നാം ഓർക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പെൺ ഭ്രൂണഹത്യ നടത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികൾ മരിക്കുന്ന ലോകത്തിലെ ഒരേയൊരു വലിയ രാജ്യം കൂടിയാണ് നമ്മുടേത്. കുട്ടികളുടെ അതിജീവനത്തിലെ ലിംഗ വ്യത്യാസം നിലവിൽ ഇന്ത്യയിൽ 11 ശതമാനമാണ്. 2013 നും 2017 നും ഇടയിൽ, ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 460,000 പെൺകുഞ്ഞുങ്ങളെ ജനനസമയത്ത് കാണാതെയായി. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ പ്രതിദിനം 2,000 ഗർഭസ്ഥ ശിശുക്കളെ നിയമവിരുദ്ധമായി ഗർഭഛിദ്രം ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയിൽ പെൺ ഭ്രൂണഹത്യ വർദ്ധിക്കുന്നത് ജനസംഖ്യാപരമായ പ്രതിസന്ധികളിലേക്ക് നയിച്ചേക്കാം. ഇത് സമൂഹത്തിൽ സ്ത്രീകളുടെ എണ്ണം കുറയുന്നതിനും, ഇവർക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കും ബാലപീഡനത്തിനും കാരണമായി തീരുന്നു.

യൂണിസെഫിൻ്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 27 ശതമാനത്തോളം വരുന്ന പെൺകുട്ടികൾ 18 വയസ്സിന് മുൻപ് വിവാഹിതരാകുന്നു. ഇത് നിയമപരമായി ശിക്ഷാർഹമാണ് എങ്കിൽ പോലും നിയമത്തെ കാറ്റിൽ പറത്തി കൊണ്ട് പെൺകുട്ടികൾ നിർബന്ധിത ശൈശവ വിവാഹത്തിന് വിധേയരാകുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം നമ്മുടെ സമൂഹത്തിൽ ശരാശരി 57 ശതമാനം പെൺകുട്ടികൾ ഏതെങ്കിലും തരത്തിലുള്ള അക്രമം അനുഭവിച്ചിട്ടുണ്ടാകാം. വെറുതെ ആചാരം എന്നപോലെ തള്ളിക്കളയേണ്ടതല്ല ബാലിക ദിനം, നമ്മുടെ സമൂഹത്തിൽ പെൺകുട്ടികൾ അനുഭവിക്കുന്ന ഓരോ ചൂഷണങ്ങൾക്കും എതിരെ ശക്തമായി പ്രതികരിക്കേണ്ടതിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ വർഷവും കടന്നു പോകുന്ന ജനുവരി 24.

Related Stories

No stories found.
Times Kerala
timeskerala.com